| Thursday, 6th July 2017, 5:11 pm

'ദൈവപുത്രന്റെ യോര്‍ക്കറില്‍ കാലിടറി ഇംഗ്ലണ്ട് താരം'; അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പന്തുകൊണ്ട് പരിക്കേറ്റ് ബ്രെയ്‌സ്റ്റോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ക്രിക്കറ്റ് ആരാധകര്‍ക്ക് ദൈവതുല്യനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആ താരത്തിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ഇടയ്ക്ക് വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ അര്‍ജുന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ അര്‍ജുന്‍ വാര്‍ത്തകളില്‍ നിറയുന്നത് ക്രിക്കറ്റില്‍ പേരില്‍ തന്നെയാണ്.

അര്‍ജുന്റെ പന്ത് കൊണ്ട് ഇംഗ്ലീഷ് താരം ജോണി ബ്രെയ്സ്റ്റോയ്ക്ക് പരിക്ക് പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്സില്‍ പരിശീലനത്തിനിടെയാണ് അര്‍ജുന്‍ എറിഞ്ഞ പന്ത് കൊണ്ട് ബ്രെയ്‌സ്റ്റോയുടെ കാലിന് പരിക്കുപറ്റിയെന്ന് പ്രമുഖ ഇംഗ്ലീഷ് വെബ് പോര്‍ട്ടറായ ഡൈലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ജുന്റെ യോര്‍ക്കര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കവെയാണ് ഇംഗ്ലീഷ് താരത്തിന്റെ കാല്‍വിരലിന് പരിക്കേറ്റത്.


Also Read: ചരിത്രപടവുകള്‍ കയറി ഇന്ത്യ; 21 വര്‍ഷത്തിനിടെ ആദ്യമായി ഫിഫ റാങ്കിംഗില്‍ ഇന്ത്യ 96 ആം സ്ഥാനത്ത്


പരിക്കേറ്റതോടെ ബ്രയ്സ്റ്റോ ഉടന്‍ തന്നെ പരിശീലനം അവസാനിപ്പിച്ച് തിരിച്ച് കയറി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ നിന്ന് ഇംഗ്ലീഷ് താരം പുറത്താകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷങ്ങളായി ഇംഗ്ലണ്ടിലാണ് സച്ചിന്റെ മകന്റെ പരിശീലനം. വിദേശ പിച്ചുകളിലെ അനുഭവ സമ്പത്ത് കരസ്ഥമാക്കാനാണ് സച്ചിന്‍ 17കാരനായ മകനെ ഇംഗ്ലണ്ടില്‍ നിര്‍ത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പലപ്പോഴും നെറ്റ്സില്‍ പന്തെറിഞ്ഞ് നല്‍കാന്‍ അര്‍ജുന്‍ എത്താറുണ്ട്.

സച്ചിന്റെ മകന്റെ യോര്‍ക്കര്‍ സോഷ്യല്‍ മീഡിയയിലും ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. താരത്തെ അഭിനന്ദിച്ചും ഭാവിയിലെ താരമാണെന്ന് പറഞ്ഞും നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more