കെ.എസ്.സി.എ ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. കഴിഞ്ഞ ദിവസം അവസാനിച്ച കര്‍ണാടക – ഗോവ മത്സരത്തിലാണ് ഗോവയ്ക്കായി താരം ഒമ്പത് വിക്കറ്റുകളുമായി തിളങ്ങിയത്.
രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 26.3 ഓവര്‍ പന്തെറിഞ്ഞ് വെറും 87 റണ്‍സ് വഴങ്ങിയാണ് അര്‍ജുന്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ കര്‍ണാടക വെറും 103 റണ്‍സിന് പുറത്തായിരുന്നു. 36.5 ഓവര്‍ മാത്രമാണ് കര്‍ണാടകയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ ഫൈഫര്‍ നേടിയാണ് അര്‍ജുന്‍ തിളങ്ങിയത്. 13 ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഗോവ 413 റണ്‍സിന്റെ കൂറ്റന്‍ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തി. അഭിനവ് തജ്രേനയുടെ സെഞ്ച്വറി കരുത്തിലാണ് ഗോവ മികച്ച ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 109 റണ്‍സാണ് താരം നേടിയത്. അഭിനവിന് പുറമെ മന്ഥന്‍ കുട്കര്‍ നേടിയ 69 റണ്‍സും ഗോവന്‍ നിരയില്‍ നിര്‍ണായകമായി.
310 റണ്‍സിന്റെ കടവുമായി ഇറങ്ങിയ കര്‍ണായകയ്ക്ക് വീണ്ടും പിഴച്ചു. ആദ്യ ഇന്നിങ്‌സിനേക്കാള്‍ അല്‍പം മെച്ചപ്പെടുത്താന്‍ സാധിച്ചു എന്നതൊഴിച്ചാല്‍ ഗോവന്‍ ടീമിന്റെ സര്‍വാധിപത്യമായിരുന്നു മത്സരത്തില്‍ കണ്ടത്.
രണ്ടാം ഇന്നിങ്‌സില്‍ 30.4 ഓവറില്‍ 121 റണ്‍സാണ് കര്‍ണാടക നേടിയത്. ഇതോടെ ഇന്നിങ്‌സ് തോല്‍വിയും ആതിഥേയര്‍ ഏറ്റുവാങ്ങി.
കര്‍ണാടകന്‍ ഇന്നിങ്‌സിലെ അവസാന വിക്കറ്റ് അടക്കം 13.3 ഓവറില്‍ 46 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ അര്‍ജുന്‍ സ്വന്തമാക്കിയത്.
മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. കൃത്യമായ ലൈനും ലെങ്തും കണ്ടെത്തിയ താരം മത്സരത്തിലുടനീളം ആ മികവ് പുലര്‍ത്തുകയും ചെയ്തു.
സീനിയര്‍ കരിയറിലെ മൂന്ന് ഫോര്‍മാറ്റില്‍ (ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി-20) നിന്നുമായി ഇതുവരെ 49 മത്സരത്തിലാണ് കളത്തിലിറങ്ങിയത്. 68 വിക്കറ്റും താരം സ്വന്തമാക്കി. 13 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ 21 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
ഇതിന് പുറമെ 2023ല്‍ ഐ.പി.എല്ലിലും താരം അരങ്ങേറ്റം കുറിച്ചു. മുംബൈ ഇന്ത്യന്‍സിനായി ഇതുവരെ അഞ്ച് മത്സരത്തിലാണ് താരം കളത്തിലിറങ്ങിയത്. മൂന്ന് വിക്കറ്റും സ്വന്തമാക്കി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാല്‍ ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ വിക്കറ്റ് നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
സണ്‍റൈസേഴ്‌സിനെതിരെയാണ് താരം കരിയറിലെ ആദ്യ ഐ.പി.എല്‍ വിക്കറ്റ് നേടിയത്. സൂപ്പര്‍ താരം ഭുവനേശ്വര്‍ കുമാറിനെയാണ് അര്‍ജുന്‍ പുറത്താക്കിയത്.
നേരത്തെ യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്ങിന്റെ അക്കാദമിയിലും താരം പരിശീലനം നടത്തിയിരുന്നു. മുംബൈ വിട്ട് ഗോവയുടെ ഭാഗമായ അര്‍ജുന്റെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതും യോഗ്‌രാജിനൊപ്പമുള്ള പരിശീലനങ്ങളായിരുന്നു.