ഐ.പി.എല്ലില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് തലയുയര്‍ത്തി മടങ്ങണമെങ്കില്‍ അവസാന മത്സരത്തില്‍ വമ്പന്‍ ജയം അനിവാര്യമാണ്.
ദല്‍ഹി ക്യാപ്പിറ്റല്‍സിനോടാണ് മുംബൈ ഇന്ത്യന്‍സിന്റെ അവസാന മത്സരം. പ്ലേ ഓഫ് സ്വപ്‌നം കണ്ടിറങ്ങുന്ന ദല്‍ഹിക്ക് വിജയം അനിവാര്യമായതിനാല്‍ മത്സരം തീ പാറുമെന്നുറപ്പാണ്.
അവസാന മത്സരത്തില്‍ മുപ്പത് ലക്ഷത്തിന് ടീമിലെത്തിച്ച അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് അവസരം നല്‍കാന്‍ മുംബൈ ഇന്ത്യന്‍സ് തീരുമാനിച്ചു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐ.പി.എല്ലില്‍ തന്റെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ സംബന്ധിച്ച് ഏറെ ആവേശവുമായിരിക്കും.
മറ്റെല്ലാ താരങ്ങളേയും ഇതുവരെ മുംബൈ പരീക്ഷിച്ചിട്ടുണ്ടെന്നും അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ കളിക്കുമെന്നാണ് തനിക്ക് തോന്നുന്നത് എന്നും പറയുകയാണ് അജയ് ജഡേജ. ദല്‍ഹിക്കെതിരായ മത്സരത്തില്‍ കളിക്കുന്നതിലൂടെ അര്‍ജുന് വന്ന മാറ്റങ്ങള്‍ കാണാന്‍ സാധിക്കുമെന്നും അവസരം കിട്ടാത്ത മറ്റു താരങ്ങള്‍ക്ക് സുര്‍ണാവസരമാണെന്നും അദ്ദേഹം പറയുന്നു.
ഈ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഒഫീഷ്യല്‍ ഹാന്‍ഡിലുകളിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. നെറ്റ്‌സില്‍ നിരന്തരമായി യോര്‍ക്കര്‍ എറിഞ്ഞ് പരിശീലിക്കുന്ന അര്‍ജുന്റെ വീഡിയോ ആണ് ടീം പങ്കുവെച്ചിരിക്കുന്നത്.
ബാറ്റിംഗ് എന്‍ഡില്‍ വിക്കറ്റിന് മുന്നിലായി ബാറ്ററുടെ കാലുകള്‍ കണക്കെ രണ്ട് ഷൂസ് വെച്ചാണ് താരം യോര്‍ക്കര്‍ എറിയുന്നത്. ഒന്നിന് പുറകെ ഒന്നായി ടോ ക്രഷിംഗ് യോര്‍ക്കറുകളാണ് അര്‍ജുന്‍ തൊടുത്തുവിടുന്നത്.
അര്‍ജുന്റെ പ്രകടനം കണ്ട് ആരാധകര്‍ ഏറെ ആവേശത്തിലാണ്. നേരത്തെ താരത്തിന് അവസരം കൊടുക്കാത്തതിന്റെ പേരില്‍ കലിപ്പായ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാഴ്ചയാണിത്. അര്‍ജുന്റെ പ്രകടനം കാണുമ്പോള്‍ മലിംഗയുടെ യോര്‍ക്കറാണ് ഓര്‍മ വരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം, മുംബൈയുടെ ജയത്തിനായി കാത്തിരിക്കുന്ന മറ്റൊരു ടീം കൂടിയുണ്ട്. മുംബൈ ജയിച്ചാല്‍ മാത്രം പ്ലേ ഓഫ് സാധ്യതയുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് അത്.
ദല്‍ഹിക്കെതിരെ നടക്കുന്ന മത്സരത്തില്‍ അഥവാ മുംബൈ പരാജയപ്പെടുകയാണെങ്കില്‍ ബെംഗളൂരുവിനും പ്ലേ ഓഫ് കാണാതെ പുറത്താകേണ്ടി വരും. അതായത് രണ്ട് ടീമുകളുടെ വിധി നിര്‍ണയിക്കുന്നത് മുംബൈ ഇന്ത്യന്‍സായിരിക്കും.