ഐ.പി.എല്‍ 2023ല്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുകയാണ്. തങ്ങളുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് ദൈവത്തിന്റെ പോരാളികള്‍ക്ക് നേരിടാനുള്ളത്.
കഴിഞ്ഞ മത്സരത്തിലെ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഒരിക്കല്‍ക്കൂടി സ്വന്തം മണ്ണിലേക്കിറങ്ങുന്നത്. അവസാന പന്തിലാണ് മുംബൈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് മുംബൈ ഇന്ത്യന്‍സ് വിജയിച്ചുകയറിയത്. കഴിഞ്ഞ മത്സരത്തില്‍ 45 പന്തില്‍ നിന്നും ആറ് ബൗണ്ടറിയുടെയും നാല് സിക്സറിന്റെയും അകമ്പടിയോടെ 65 റണ്‍സാണ് രോഹിത് നേടിയത്. മത്സരത്തിലെ ടോപ് സ്‌കോററും കളിയിലെ താരവും രോഹിത് തന്നെയായിരുന്നു.
എന്നാല്‍ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയുടെ സേവനം മുംബൈക്ക് ലഭ്യമാകില്ല. താരത്തിന് വിശ്രമം നല്‍കിയ മത്സരത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്ത്യന്‍സിനെ നയിക്കുക. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞടുത്തു.
ടോസിന് ശേഷം മുംബൈ ടീം അനൗണ്‍സ് ചെയ്തപ്പോഴാണ് ആരാധകര്‍ ഒന്നടങ്കം ഞെട്ടിയത്. പല സീസണുകളിലായി, ഏറെ കാലമായി മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡിന്റെ ഭാഗമായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന്റെ അരങ്ങേറ്റം കൂടിയാണ് ഇന്ന് വാംഖഡെയില്‍ കൊല്‍ക്കത്തക്കെതിരെ നടക്കുന്നത്.
ഒടുവില്‍ അത് സംഭവിക്കുകയാണ് എന്ന് കുറിച്ചുകൊണ്ടായിരുന്നു മുംബൈ അര്‍ജുന്റെ അരങ്ങേറ്റത്തിന്റെ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.