| Tuesday, 25th April 2023, 8:20 pm

ഗില്ലിനെ ഒരറ്റത്ത് നിര്‍ത്തി അര്‍ജുന്റെ സാഹ വധം; പേരുദോഷം മാറ്റാനൊരുങ്ങി ടെന്‍ഡുല്‍ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 35ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്. ടൈറ്റന്‍സന്റെ ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ടൈറ്റന്‍സ് ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ടൈറ്റന്‍സിന് തിരിച്ചടി നേരിട്ടിരുന്നു. ഐ.പി.എല്ലിലെ തന്റെ 150ാം മത്സരം കളിക്കാനിറങ്ങിയ സൂപ്പര്‍ താരം വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റ് തുടക്കത്തിലേ ടീമിന് നഷ്ടമായിരുന്നു.

ടീം സ്‌കോര്‍ 12ല്‍ നില്‍ക്കവെയായിരുന്നു സാഹ പുറത്തായത്. ഏഴ് പന്തില്‍ നിന്നും നാല് റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്തായത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് സാഹ പുറത്തായത്.

എന്നാല്‍, അമ്പയറുടെ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച സാ റിവ്യൂ എടുത്തിരുന്നു. എന്നാല്‍ ഡി.ആര്‍.എസ്സില്‍ പന്ത് താരത്തിന്റെ ഗ്ലൗവില്‍ കൊള്ളുന്നുവെന്ന് കാണുകയും ഒപ്പം ക്ലിയര്‍ സ്‌പൈക്കും കണ്ടതോടെ സാഹക്ക് തിരിച്ചുനടക്കേണ്ടി വരികയായിരുന്നു.

അതേസമയം, ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ അടി വാങ്ങിക്കൂട്ടിയതിന്റെ കളങ്കം തീര്‍ക്കാനുറച്ചാണ് അര്‍ജുന്‍ പന്തെറിയാനെത്തിയത്.

ഇതുവരെ രണ്ട് ഓവര്‍ എറിഞ്ഞ അര്‍ജുന്‍ ഒരു വിക്കറ്റ് നേടി വെറും ഒമ്പത് റണ്‍സ് മാത്രമാണ് വഴങ്ങിയത്.

അതേസമയം, ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 55 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 14 പന്തില്‍ നിന്നും 13 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റാണ് ടൈറ്റന്‍സിന് നഷ്ടമായത്. പീയൂഷ് ചൗളയെറിഞ്ഞ ഏഴാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി ലൈനിന് സമീപത്ത് നിന്നും സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

19 പന്തില്‍ നിന്നും നാല് ഫോറും ഒരു സിക്‌സറുമടക്കം 33 റണ്‍സുമായി ശുഭ്മന്‍ ഗില്ലും രണ്ട് പന്തില്‍ നിന്നും രണ്ട് റണ്‍സുമായി വിജയ് ശങ്കറുമാണ് ടൈറ്റന്‍സിനായി ക്രീസില്‍.

Content highlight: Arjun Tendulkar dismiss Wridhiman Saha

We use cookies to give you the best possible experience. Learn more