| Wednesday, 19th April 2023, 7:49 am

അച്ഛനെ ഡക്കിന് പുറത്താക്കിയവനെ 14 വര്‍ഷത്തിനിപ്പുറം പുറത്താക്കി അര്‍ജുന്റെ പ്രതികാരം; അവന്‍ സ്വന്തം പാത വെട്ടിത്തെളിക്കാന്‍ തുടങ്ങിയിരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 25ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സ് കരുത്തുകാട്ടിയിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 14 റണ്‍സിനായിരുന്നു മുംബൈ പള്‍ട്ടാന്‍സിന്റെ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കായി കാമറൂണ്‍ ഗ്രീന്‍ അര്‍ധ സെഞ്ച്വറി നേടി. 40 പന്തില്‍ നിന്നും പുറത്താകാതെ 64 റണ്‍സാണ് ഗ്രീന്‍ സ്വന്തമാക്കിയത്. ഗ്രീനിന് പുറമെ യുവതാരങ്ങളായ തിലക് വര്‍മയും ഇഷാന്‍ കിഷനും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. തിലക് 17 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 37 റണ്‍സ് നേടിയപ്പോള്‍ കിഷന്‍ 31 പന്തില്‍ നിന്നും 38 റണ്‍സും നേടി.

18 പന്തില്‍ നിന്നും ആറ് ബൗണ്ടറിയുമായി 28 റണ്‍സ് നേടിയ ക്യാപ്റ്റന്റെ ഇന്നിങ്‌സും മുംബൈയെ തുണച്ചു. ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് മുംബൈ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് സൂപ്പര്‍ താരം ഹാരി ബ്രൂക്കിനെ നേരത്തെ നഷ്ടമായി. ഏഴ് പന്തില്‍ നിന്നും ഒമ്പത് റണ്‍സ് നേടി നില്‍ക്കവെയാണ് ബ്രൂക്കിന്റെ വിക്കറ്റ് ടീമിന് നഷ്ടമായത്. പിന്നാലെയെത്തിയ ത്രിപാഠിക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി.

സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച് മായങ്ക് അഗര്‍വാള്‍ ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും താരത്തിന്റെ മെല്ലപ്പോക്ക് അവസാന ഘട്ടത്തില്‍ ടീമിന് തിരിച്ചടിയായി. 41 പന്തില്‍ നിന്നും 48 റണ്‍സാണ് അഗര്‍വാള്‍ നേടിയത്.

മധ്യനിരയില്‍ 16 പന്തില്‍ നിന്നും നാല് ബൗണ്ടറിയും രണ്ട് സിക്‌സറുമായി 36 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസന്‍ ഒരു ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 19.5 ഓവറില്‍ സണ്‍റൈസേഴ്‌സ് 178ന് ഓള്‍ ഔട്ടാവുകയായിരുന്നു.

മുംബൈ നിരയില്‍ പന്തെറിഞ്ഞവരെല്ലാം തന്നെ തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. തന്റെ രണ്ടാമത് മാത്രം ഐ.പി.എല്‍ മത്സരം കളിക്കുന്ന അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു. ഐ.പി.എല്‍ കരിയറിലെ ആദ്യ വിക്കറ്റും സ്വന്തമാക്കിയാണ് അര്‍ജുന്‍ ആരാധകരുടെ കയ്യടികളേറ്റുവാങ്ങിയത്.

അവസാന ഓവറില്‍ 20 റണ്‍സ് ഡിഫന്‍ഡ് ചെയ്യണമെന്നിരിക്കെ അര്‍ജുന്‍ ആ ജോലി ഭംഗിയായി പൂര്‍ത്തിയാക്കി. താരത്തിന്റെ അവസാന ഓവറില്‍ ഒരു റണ്‍ ഔട്ട് അടക്കം രണ്ട് വിക്കറ്റാണ് പിറന്നത്. ഓവറിലെ രണ്ടാം പന്തില്‍ അബ്ദുള്‍ സമദ് റണ്‍ ഔട്ട് ആയപ്പോള്‍ അഞ്ചാം പന്തില്‍ ഭുവനേശ്വര്‍ കുമാറിനെ രോഹിത് ശര്‍മയുടെ കയ്യിലെത്തിച്ച് ഐ.പി.എല്ലിലെ തന്റെ ആദ്യ വിക്കറ്റ് നേട്ടവും ആഘോഷിച്ചു.

അര്‍ജുന്‍ ഭുവനേശ്വറിനെ പുറത്താക്കിയതോടെ ആരാധകര്‍ പഴയ പല കാര്യങ്ങളുമായി ഇതിനെ ചേര്‍ത്തുകെട്ടുകയാണ്. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ പൂജ്യത്തിന് പുറത്താക്കിയ ഏക ബൗളറാണ് ഭുവി. അതേ ഭുവിക്കെതിരെ കാലങ്ങള്‍ക്കിപ്പുറം സച്ചിന്റെ മകന്‍ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

സച്ചിന്റെ മകന്‍ എന്ന ലേബലിനപ്പുറം അര്‍ജുന്‍ സ്വന്തം ലോകം വെട്ടിപ്പിടിക്കാന്‍ തുടങ്ങുകയാണ് എന്നും ആരാധകര്‍ പറയുന്നു. മത്സരത്തില്‍ 2.5 ഓവര്‍ പന്തെറിഞ്ഞ് 18 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്.

Content Highlight: Arjun Tendulkar dismiss Bhuvaneshwar Kumar against Sunrisers

We use cookies to give you the best possible experience. Learn more