| Tuesday, 3rd July 2012, 12:31 pm

ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമെന്ന് റാവുവിനോട് പറഞ്ഞു: അര്‍ജുന്‍ സിങ്ങിന്റെ ആത്മകഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബരി മസ്ജിദ് പൊളിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിനെ തൊട്ടുതലേന്ന് നേരില്‍ക്കണ്ട് മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹം അനങ്ങിയില്ലെന്ന് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍സിങ് ആത്മകഥയില്‍ വെളിപ്പെടുത്തി. അടുത്തദിവസം പുറത്തിറങ്ങുന്ന “കാലത്തിന്റെ നാഴികമണിയിലെ ചെറുതരി (A Grain of Sand in the Hourglass of Time)” എന്ന പുസ്തകത്തിലാണ് കോണ്‍ഗ്രസിലെ അന്തര്‍നാടകങ്ങള്‍ വെളിപ്പെടുന്നത്.

റാവു മന്ത്രിസഭയില്‍ അംഗമായിരുന്ന അര്‍ജുന്‍സിങ്, ബാബരി മസ്ജിദ് പൊളിക്കുന്നതിന് തൊട്ടുമുമ്പത്തെ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെ: “പ്രധാനമന്ത്രിക്ക് അയച്ച കത്തുകള്‍ക്കൊന്നും മറുപടിയില്ലെന്ന് മനസ്സിലായപ്പോള്‍ എനിക്ക് തോന്നി ഞാന്‍ ചെയ്യുന്നത് പാഴ്‌വേലയാണെന്ന്. പാര്‍ട്ടിയുടെ പിന്തുണയോടെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട ഒരു കോണ്‍ഗ്രസ് അംഗം  സംഘടനയുടെ തത്വങ്ങളും ആദര്‍ശങ്ങളും പിന്തുടരാന്‍ ബാധ്യസ്ഥനാണ്. ഇത്തരം ചിന്തകള്‍ക്കൊടുവില്‍, എത്ര അപകടകരമാണെങ്കിലും, മനസ്സാക്ഷി അനുസരിച്ച് മുന്നോട്ടുനീങ്ങാനാണ് ഞാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ പൊളിറ്റിക്കല്‍ സെക്രട്ടറി ജിതേന്ദ്രപ്രസാദിന് ഞാന്‍ കത്തയച്ചു. അതിന്റെ പകര്‍പ്പ് എല്ലാ എ.ഐ.സി.സി അംഗങ്ങള്‍ക്കും കോണ്‍ഗ്രസ് എം.പിമാര്‍ക്കും, എം.എല്‍.എമാര്‍ക്കും പി.സി.സി പ്രസിഡന്റുമാര്‍ക്കും, സി.എല്‍.പി നേതാക്കള്‍ക്കും വിതരണം ചെയ്തു. കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ഈ കത്ത് എന്ത് ചലനമുണ്ടാക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ഇത് ചലനമുണ്ടാക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പായിരുന്നെങ്കില്‍, ആ കത്തിലേക്ക് പാര്‍ട്ടി ഒന്നാകെ ശ്രദ്ധ കേന്ദ്രീകരിക്കുമായിരുന്നു. ഇക്കാലത്ത് പാദസേവ സംസ്‌കാരമാണ് നിലനില്‍ക്കുന്നത്, അധികാരമാണ് എല്ലാറ്റിനും ഉപരിയായ വിഷയം. കത്തിന്മേല്‍ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. എന്നാല്‍ ആത്യന്തികമായി ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയ്ക്കുണ്ടായിരുന്ന പ്രതിഛായയ്ക്ക് കളങ്കം വന്നു.

പ്രധാനമന്ത്രിയുമായുള്ള ബന്ധം തീര്‍ത്തും മുറിഞ്ഞശേഷം 1992 ഡിസംബര്‍ മൂന്നിന് രാത്രി ഞാന്‍ അയോധ്യക്ക് പോകാന്‍ തീരുമാനിച്ചു. യാഥാര്‍ഥ്യങ്ങള്‍ നേരിട്ടു മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. ലക്‌നോ മെയിലില്‍ കയറി അവിടെ നിന്നും ഉത്തര്‍പ്രദേശിന്റെ തലസ്ഥാനത്തെത്തി വിശ്രമിച്ചശേഷം അയോധ്യയിലേക്കുള്ള ട്രെയിന്‍ കയറാമെന്നായിരുന്നു ഞാന്‍ തീരുമാനിച്ചത്. എന്റേത് രഹസ്യ സന്ദര്‍ശനമൊന്നുമായിരുന്നില്ല. പക്ഷേ, വലിയ പ്രചാരണമൊന്നും നല്‍കിയില്ല. ന്യൂദല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കഴിഞ്ഞപ്പോള്‍ നടന്നതു പക്ഷേ, എന്നെ അമ്പരപ്പിച്ചു .പ്രധാനമന്ത്രിയുടെ അടിയന്തര സന്ദേശം: ഞാന്‍ ഉടനടി അദ്ദേഹത്തെ വിളിക്കണം. ഇതു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, കാരണം അയച്ച കത്തുകള്‍ക്കൊന്നും മറുപടി നല്‍കാത്തയാള്‍, അഭിപ്രായവും മുന്നറിയിപ്പുമൊന്നും ഗൗരവത്തിലെടുക്കാത്തയാള്‍, പെട്ടെന്ന് ബന്ധപ്പെട്ടതില്‍ അമ്പരപ്പു തോന്നി അതും റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ എത്തിയപ്പോള്‍. ഞാനിപ്പോള്‍  അയോധ്യക്ക് പോകുകയാണ്. തിരിച്ച് ദല്‍ഹിയിലെത്തിയശേഷം കാണാമെന്ന് പറയാനാണ് ഞാനാദ്യം കരുതിയത്.  പിന്നെ ആലോചിച്ചപ്പോള്‍ എന്താണ് അദ്ദേഹത്തിന് പറയാനുള്ളതെന്ന് കേള്‍ക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നി. പ്രധാനമന്ത്രി എന്നെ കാണാനാഗ്രഹിക്കുന്നുവെന്ന വിവരം ചോര്‍ന്നതിനാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ അതൊരു ചര്‍ച്ചയായി. പെട്ടെന്ന് സ്‌റ്റേഷന്‍ മാസ്റ്ററുടെ മുറിയിലെത്തി. പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചു. അദ്ദേഹം ക്ഷുഭിതനായിരുന്നു. തന്റെ അനുമതിയോ നിര്‍ദ്ദേശമോ കൂടാതെ എന്തിനാണ് അയോധ്യയില്‍ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഒരു മന്ത്രിയെന്ന നിലക്ക് രാജ്യത്തെവിടെയും പോകാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഞാനിപ്പോള്‍ അയോധ്യയിലേക്ക് പോകുന്നത് അവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനുമാണെന്ന് ഞാന്‍ മറുപടി നല്‍കി. അവിടെ പോകരുതെന്ന് അദ്ദേഹം നേരെ പറഞ്ഞില്ല, എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ ആ സൂചനയുണ്ടായിരുന്നു. ഞാന്‍ തുടര്‍ന്നു, എന്റെ ട്രെയിന്‍ പോകാറായി,  അടിയന്തരമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഉടന്‍ പറയണം. ഞാന്‍ രണ്ടുദിവസം കഴിഞ്ഞേ മടങ്ങിവരൂ.  ലഖ്‌നൗവില്‍ എത്തുമ്പോള്‍ ബി.ജെ.പിക്കാരനായ യു.പി മുഖ്യമന്ത്രി കല്യാണ്‍സിങ്ങിനെ കണ്ട് അദ്ദേഹം എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് കണ്ടെത്താന്‍ പ്രധാനമന്ത്രിയെന്നോട് നിര്‍ദേശിച്ചു. വ്യക്തിപരമായി ഞാന്‍ കല്യാണ്‍സിങ്ങിനെ കാണാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ കണ്ട് പദ്ധതികള്‍  മനസിലാക്കാമെന്നും ഞാന്‍ പറഞ്ഞു.  അദ്ദേഹം പറഞ്ഞു: “അതെ. ഈ അവസരത്തിലെങ്കിലും നിങ്ങള്‍ എന്റെ ദൂതനാകൂ”

 
ഡിസംബര്‍ നാലിന് വൈകുന്നേരം ഞാന്‍ ദല്‍ഹിയില്‍ തിരിച്ചെത്തി. പിറ്റേന്ന് നരസിംഹറാവുവിനെ കണ്ട് കല്യാണ്‍സിങ്ങുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. ശ്രദ്ധിച്ചു കേള്‍ക്കുന്നതായി റാവു നടിച്ചു. പക്ഷേ, ഈ പ്രശ്‌നം അദ്ദേഹം ഗൗരവമായി കണക്കിലെടുക്കുന്നില്ലെന്നാണ് എനിക്ക് തോന്നിയത്. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു: “സാഹചര്യങ്ങളെക്കുറിച്ച് താങ്കള്‍ക്ക് എന്താണ് തോന്നുന്നത്” ഞാന്‍ മറുപടി പറഞ്ഞു: “ലഖ്‌നൗവിന് പുറത്തേക്ക് പോകാന്‍ നിങ്ങള്‍ എന്നെ അനുവദിച്ചില്ല. പിന്നെ എനിക്കൊരു വിലയിരുത്തല്‍ എങ്ങനെ നടത്താന്‍ സാധിക്കും?” റാവു വീണ്ടും പറഞ്ഞു: “അങ്ങനെയല്ല. നിങ്ങള്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് വിവരം ലഭിക്കുമെന്നെനിക്കറിയാം. കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടു നീങ്ങുമെന്നാണ് എനിക്ക് അറിയേണ്ടത്.”

“ബാബരി മസ്ജിദ് തകര്‍ക്കപ്പെടാന്‍ പോവുകയാണെന്ന് ഞാന്‍ അദ്ദേഹത്തോട് തുറന്നു പറഞ്ഞു. ആ വാര്‍ത്ത അദ്ദേഹത്തെ നടുക്കിയിരിക്കണം. ആദ്യം അദ്ദേഹം തര്‍ക്കിച്ചു. പിന്നെ രണ്ടാമതൊന്നാലോചിച്ചശേഷം അദ്ദേഹം നിശ്ശബ്ദനായി.  മസ്ജിദ് തകര്‍ക്കപ്പെട്ടാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തല പുകച്ചു. പെട്ടെന്ന് ഞെട്ടി “കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത് വലിയ ദോഷം” ചെയ്യുമെന്ന് പറഞ്ഞു.  ആ ഘട്ടത്തില്‍ എനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ബി.ജെ.പിയുടെയും മറ്റു ഹിന്ദുത്വ ശക്തികളുടെയും തന്ത്രങ്ങള്‍ക്കു മുമ്പില്‍ “നമ്മള്‍ കണ്ണുപൊട്ടന്മാരായി” എന്ന് ഞാന്‍ മുന്‍പിന്‍ നോക്കാതെ പറഞ്ഞു. പിന്നെ, അദ്ദേഹം ചോദിച്ചു: “മസ്ജിദ് എപ്പോള്‍ പൊളിക്കും?” ഞാന്‍ പറഞ്ഞു: “ഇത് ഏത് ദിവസവും സംഭവിക്കാം.” തൊട്ടു പിറ്റേന്നു തന്നെ (ഡിസംബര്‍ ആറ്) പള്ളി പൊളിക്കുമെന്ന് പക്ഷേ, ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.

1992 ഡിസംബര്‍ ആറിന് രാത്രി  ദേശീയ ടി.വി, റേഡിയോ മുഖേന പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. മസ്ജിദ് സംരക്ഷിക്കുമെന്ന് സുപ്രീംകോടതിക്ക് നല്‍കിയ വാക്ക് കല്യാണ്‍സിങ് പാലിച്ചില്ലെന്നായിരുന്നു പ്രസംഗത്തിന്റെ കാതല്‍. കേന്ദ്രസര്‍ക്കാറിന്റെ നിലപാടിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എത്രത്തോളം കഴിഞ്ഞുവെന്ന് എനിക്ക് പറയാനാവില്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക്  പള്ളിപൊളിച്ച വാര്‍ത്ത വലിയൊരു ഞെട്ടലായി. പ്രത്യേകിച്ച്, മഹാത്മാഗാന്ധിയെയും നെഹ്‌റുവിനെയും പോലുള്ള നേതാക്കള്‍ നയിച്ച കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ച ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമായ മുസ്‌ലീംകള്‍ക്ക്. അവശേഷിച്ച വസ്തുത ഇതാണ്: കോണ്‍ഗ്രസുകാര്‍ രാജ്യത്തെ തോല്‍പിച്ചു കളഞ്ഞു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അതിന് വലിയ വില കൊടുക്കേണ്ടി വന്നു, 1996 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടു”  അര്‍ജുന്‍ സിങ് ആത്മകഥയില്‍ പറയുന്നു.

ഭോപ്പാല്‍ വാതക ദുരന്തം, രണ്ടാം യു.പി.എ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്, ഫൂലന്‍ദേവി പ്രശ്‌നം എന്നിവയെല്ലാം ആത്മകഥയില്‍ കടന്നുവരുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more