തമിഴിലെ മുന്‍ നിര നായകന്മാരില്‍ ഒരാളാണ് അര്‍ജുന്‍ സര്‍ജ. തമിഴിന് പുറമെ തെലുങ്കിലും കന്നടയിലും മലയാളത്തിലും ഹിന്ദിയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലെ തിരക്കുള്ള നായക നടനായിരുന്നു ഇദ്ദേഹം. 11 സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം നിരവധി സിനിമകള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ആക്ഷന്‍ സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയമായ അര്‍ജുനെ ആരാധകര്‍ ‘ആക്ഷന്‍ കിങ്’ എന്ന് വിളിക്കാറുണ്ട്. 150ലധികം സിനിമകളില്‍ ഇതിനോടകം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തന്റെ ജീവന്‍ പോലും പണയം വെച്ചാണ് അര്‍ജുന്‍ മിക്ക ആക്ഷന്‍ രംഗങ്ങളും ചെയ്യാറുള്ളത്. രണ്ടു പ്രാവശ്യം കൂടെയുള്ള ഫൈറ്റേര്‍സ് ടൈമിങ് തെറ്റിച്ചതിനാല്‍ താന്‍ കഴുത്ത് കുത്തി നിലത്ത് വീണിരുന്നെന്നും ആ വീഴ്ചയുടെ ആഘാതത്തില്‍ കൈ മുഴുവനായും ഉയര്‍ത്താന്‍ തനിക്ക് ഇപ്പോഴും ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.
‘രണ്ടു പ്രാവശ്യം എന്തായെന്ന് വെച്ചാല്‍ ഫൈറ്റേര്‍സ് അവരുടെ ടൈമിങ് തെറ്റിച്ചു. ഞാന്‍ മുകളില്‍ ആയിരുന്നു. അവര്‍ സമയം തെറ്റിച്ചതുകൊണ്ട് തന്നെ ഞാന്‍ കഴുത്തും കുത്തിയാണ് താഴെ വീണത്. രണ്ടു വട്ടം ഇതുപോലെ സംഭവിച്ചിട്ടുണ്ട്.
അതിനു ശേഷം കൈ എനിക്ക് ഈ ഒരു അകലത്തില്‍ കൂടുതല്‍ ഉയര്‍ത്താന്‍ കഴിയില്ല. ഒരു കാലിന്റെ അകലത്തില്‍ പോലും എന്നോട് ചാടരുതെന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോഴായിരുന്നു ഞാന്‍ സംവിധാനം ചെയ്യുന്നത്. സംവിധാനവും നിര്‍മാണവും എല്ലാം ഞാന്‍ തന്നെ ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്.
ഡോക്ടര്‍ എന്നോട് പറഞ്ഞു അതൊന്നും ചെയ്യരുത്, റെസ്റ്റ് എടുക്കണമെന്ന്. ഞാന്‍ പറഞ്ഞു പറ്റില്ല ഡോക്ടര്‍ ഇതെന്റെ തൊഴിലാണെന്ന്. ആ സിനിമയിലാണ് ഏറ്റവും കൂടുതല്‍ ആക്ഷന്‍ രംഗങ്ങള്‍ ഞാന്‍ ചെയ്തത്. ചില സമയത്ത് നമ്മളിതൊക്കെ ചെയ്യണം. ഇങ്ങനയൊക്കെ പറ്റിയാലും അത് നമ്മുടെ തൊഴിലല്ലേ മാറി നില്‍ക്കാന്‍ കഴിയില്ല,’ അര്‍ജുന്‍ പറയുന്നു.