| Thursday, 25th July 2024, 10:06 am

വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ച് സൈബറാക്രമണം; പൊലീസിൽ പരാതി നൽകി അർജുന്റെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സൈബർ അതിക്രമത്തിനെതിരായി പരാതി നൽകി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. സോഷ്യൽ മീഡിയയിലൂടെ കുടുംബത്തിനെതിരെ വ്യാജ പ്രചാരണം നടക്കുന്നതായാണ് പരാതി. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്.

കഴിഞ്ഞ രണ്ട് ദിവസം മുമ്പ് അർജുന്റെ കുടുംബം നടത്തിയ വാർത്താസമ്മേളനത്തിന്റെ ഭാഗങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അർജുന്റെ അമ്മയോടൊപ്പം വാർത്താസമ്മേളനത്തിൽ ഇരുന്ന സഹോദരി ഷീലയെ ലക്ഷ്യമിട്ട് കൊണ്ടാണ് പ്രചരണങ്ങൾ. വാർത്താ സമ്മേളനത്തിനിടെ തെരച്ചിൽ സംബന്ധിച്ച് കുടുംബം പങ്കുവെച്ച ആശങ്കകളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.

അതേസമയം അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പത്താം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. നിർണായക തെരച്ചിലാണ് ഇന്ന് നടക്കുക. അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം.

ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനിൽ എത്തിയാകും അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. തുടർന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളിൽ തെരച്ചിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

ഡ്രോൺ ദൗത്യത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്. ഇന്നത്തെ തെരച്ചിലിന്റെ മേൽനോട്ടത്തിനായി കർണാടക ലോ ആൻഡ് ഓർഡർ എ.ഡി.ജി.പി ആർ. ഹിതേന്ദ്രയെ നിയോഗിച്ചു.

ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാൽ തെരച്ചിൽ ദൗത്യം ദുഷ്കരമാകും.

Content Highlight: Arjun’s mother’s words misinterpreted and cyberattacked; The family filed a complaint

We use cookies to give you the best possible experience. Learn more