മനാഫിനെതിരെ അര്‍ജുന്റെ കുടുംബം; വൈകാരികതയെ ചൂഷണം ചെയ്യുന്നു
Kerala News
മനാഫിനെതിരെ അര്‍ജുന്റെ കുടുംബം; വൈകാരികതയെ ചൂഷണം ചെയ്യുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd October 2024, 4:43 pm

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മരണത്തില്‍ ലോറിയുടമയായ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം. അര്‍ജുന്റെ മകനെ തന്റെ നാലാമത്തെ മകനായി വളര്‍ത്തും എന്ന മനാഫിന്റെ വാക്കുകള്‍ കുടുംബത്തിന് മാനസികമായി വിഷമം ഉണ്ടാക്കിയെന്നും മനാഫിന്റെ പല പ്രസ്താവനകളും വൈകാരികതയെ ചൂഷണം ചെയ്യുന്നതാണെന്നും കുടുംബം ചൂണ്ടിക്കാട്ടി.

അര്‍ജുന്റെ മരണത്തിന് ശേഷം കുടുംബാംഗങ്ങളായ അച്ഛന്‍ പ്രേമന്‍, അമ്മ ഷീല, സഹോദരിമാരായ അഞ്ജു, അഭിരാമി, അളിയന്‍ ജിതിന്‍, സഹോദരന്‍ എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ഇതാദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്.

അര്‍ജുന്റെ സംഭവത്തെ ചിലര്‍ വൈകാരികമായി മുതലെടുക്കാന്‍ ശ്രമിച്ചെന്നും ഇതോടെ കുടുംബത്തിനെതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും പറഞ്ഞ കുടുംബം, അര്‍ജുന് 75,000 രൂപ  ശമ്പളം കിട്ടിയിരുന്നെന്നും പറഞ്ഞ് പരത്തുന്നതായും കുടുംബം ആരോപിച്ചു.

സൈബര്‍ ആക്രമണങ്ങള്‍ പരിധി വിട്ട് കഴിഞ്ഞെന്നും തങ്ങളുടെ വൈകാരികത ചൂഷണം ചെയ്ത് മനാഫ് പല കോണില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതായി കുടുംബത്തിന് വിവരം കിട്ടിയതായും പറഞ്ഞ കുടുംബാംഗങ്ങള്‍ ഒരു രൂപ പോലും തങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കില്ലെന്നും വ്യക്തമാക്കി. ‘ഞങ്ങളുടെ വൈകാരികത അദ്ദേഹം ചൂഷണം ചെയ്യുകയാണ്. കൂടാതെ മീഡിയ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടിയല്ലാതെ ഒരിക്കല്‍ പോലും അദ്ദേഹം ഞങ്ങളെ നേരിട്ട് വിളിച്ചിട്ട് ഒന്നും പറഞ്ഞിട്ടില്ല.

ഞങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ട്‌ ഉണ്ട്. എന്നാല്‍ ഒരിക്കലും മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങി ജീവിക്കേണ്ട അവസ്ഥ ഉണ്ടാകാന്‍ അനുവധിക്കില്ല. എല്ലാവരും ഞങ്ങളോട് ചോദിക്കുന്നു അര്‍ജുന് മാസം 75,000 രൂപ കിട്ടിയിട്ടും എങ്ങനെയാണ് നിങ്ങള്‍ക്ക് ഇത്രയും കടം ഉണ്ടായതെന്ന്. ഞങ്ങള്‍ അവന്റെ പണം കൈക്കലാക്കി എന്നാണ് അവര്‍ പറയുന്നത്. ദയവു ചെയ്ത്‌ അത്തരം വിവാദങ്ങള്‍ സൃഷ്ടിക്കരുത്.

പല ആളുകളും വീട്ടിലേക്ക് വന്നിട്ട് പൈസ തരും. എന്നിട്ട് വീഡിയോ ചിത്രീകരിച്ച് ചിലര്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യും. ഇതാണ് പിന്നെ ഞങ്ങള്‍ കാണുന്നത്. അതുപോലെ അര്‍ജുന്റെ ബൈക്ക് അവന്‍ പോകുന്നതിന് മുമ്പ് അയാളുടെ വീടിന് സമീപത്തെ ഷോപ്പില്‍ നന്നാക്കാന്‍ കൊടുത്തതാണ്. പിന്നെ കാണുന്നത് ‘അര്‍ജുന്റെ ബൈക്ക് പെയിന്റ് അടിച്ച് സൂക്ഷിച്ചു മനാഫ്ക്ക’എന്ന യൂട്യൂബ് വീഡിയോ ആണ്.

കൂടാതെ അമ്മയുടെ പേരിലും ചൂഷണം നടന്നു. അമ്മയും ആയി ഡെയ്‌ലി മെസേജ് അയക്കും എന്ന് പറഞ്ഞ് അമ്മയെയും ഇതിലേക്ക് വലിച്ചിടുകയാണ്. അതുപോലെ തന്നെ ഈശ്വര്‍ മാല്‍പെ അവിടെ നിന്ന് എന്ത് സാധനങ്ങള്‍ ലഭിച്ചാലും അത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. മനാഫിനും യൂട്യൂബ് ചാനല്‍ ഉണ്ട്. അവിടെ നിന്നിട്ട് വീഡിയോ എടുത്തിട്ട് അപ് ലോഡ് ചെയ്യും. എന്നിട്ട് 500 പേര്‍ കണ്ടു, 600 പേര്‍ കണ്ടു സൂപ്പര്‍ ആണെന്നൊക്കെ പറയുകയായിരുന്നു. അഞ്ജു ഇത് കണ്ട് തളര്‍ന്നു പോയി. കുടുംബത്തിനോട് സ്‌നേഹമുണ്ടെങ്കില്‍ അവര്‍ ഇങ്ങനെ ചെയ്യുമോ. അര്‍ജുനെ കിട്ടിയാല്‍ ഒക്കെ നിര്‍ത്തും എന്ന് പറഞ്ഞിട്ടും അദ്ദേഹം ഒന്നും നിര്‍ത്തിയില്ല,’കുടുംബം പറയുന്നു.

Content Highlight: Arjun’s family against Manaf; Emotionally exploitative