| Friday, 27th September 2024, 3:41 pm

അര്‍ജുന്റെ ഡി.എന്‍.എ പരിശോധനാ ഫലം വന്നു; ലോറിയില്‍ നിന്ന് കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹഭാഗങ്ങള്‍ തന്നെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഡി.എന്‍.എ പരിശോധനാഫലം പുറത്ത് വന്നു. പരിശോധനയില്‍ ലോറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹഭാഗങ്ങള്‍ അര്‍ജുന്റേത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. മൃതദേഹം ഉടന്‍ കോഴിക്കോടേക്കെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറും.

ജൂലൈ 16 (ചൊവ്വാഴ്ച)നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് ട്രക്ക് ഡ്രൈവറായ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായത്. അപകടം നടന്ന ദിവസം തന്നെ ബന്ധുക്കള്‍ കര്‍ണാടക പൊലീസിനെ വിവരം അറിയിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മാത്രമാണ് തെരച്ചില്‍ ആരംഭിച്ചത്.

തെരച്ചില്‍ ആരംഭിച്ച് ഒമ്പതാം ദിവസം ഗംഗാവലി പുഴയില്‍ അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയിരുന്നു. കരയില്‍ നിന്ന് 20 മീറ്റര്‍ അകലെ 15 അടി താഴ്ചയിലാണ് ട്രക്ക് ഉള്ളതെന്നായിരുന്നു നിഗമനം. എന്നാല്‍ ട്രക്ക് പുഴയില്‍ നിന്ന് പുറത്തെടുക്കാനും ട്രക്കിനുള്ളില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒന്നിലധികം തവണയാണ് ഷിരൂരിലെ തിരച്ചില്‍ നിര്‍ത്തിവെച്ചത്. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയുടെ നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ വിവിധ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.

പിന്നീട് കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ കാര്‍വാര്‍ എം.എല്‍.എ സതീശ് സെയ്ന്‍, കാര്‍വാര്‍ എസ്.പി.നാരായണ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്തത്. തുടര്‍ന്നാണ് മരിച്ചത് അര്‍ജുന്‍ തന്നെയാണെന്ന സ്ഥിരീകരിക്കാന്‍ വേണ്ടി ഡി.എന്‍.എ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

എന്നാല്‍ തുടക്കത്തില്‍ കുടുംബം ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനാഫലം ഇല്ലാതെ തന്നെ മൃതദേഹം സംസ്‌കരിക്കാമെന്ന് കാര്‍വാര്‍ എം.എല്‍.എ അറിയിച്ചിരുന്നു. എന്നാല്‍ അസ്വഭാവിക മരണം ആയതിനാല്‍ ഡി.എന്‍.എ പരിശോധന അനിവാര്യമാണെന്ന് പിന്നീട് ജില്ലാ കലക്ടര്‍ അറിയിക്കുകയായിരുന്നു.

ഇന്നലെ (വ്യാഴാഴ്ച്ച) അര്‍ജുന്റെ ലോറി പുഴയില്‍ നിന്ന് കരയിലേക്കെത്തിച്ചിരുന്നു. അതില്‍ നിന്ന് അര്‍ജുന്റെ വസ്ത്രങ്ങളും മകന്റെ കളിപ്പാട്ടങ്ങളും കണ്ടെടുത്തിരുന്നു. 12 അടി ആഴത്തില്‍ നിന്നാണ് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെടുത്തത്.

അതേസമയം മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് കര്‍ണാടക സ്വദേശികളെ കണ്ടെത്താനുള്ള തെരച്ചില്‍ ഇനിയും തുടരുമെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചിട്ടുണ്ട്.

Content Highlight: Arjun’s DNA test results came; Arjun’s body parts were found in the lorry 

We use cookies to give you the best possible experience. Learn more