കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് കിരണ്‍ റിജിജുവിനെ മാറ്റി; അര്‍ജുന്‍ റാം മേഘ്‌വാള്‍ പുതിയ നിയമമന്ത്രി
national news
കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് കിരണ്‍ റിജിജുവിനെ മാറ്റി; അര്‍ജുന്‍ റാം മേഘ്‌വാള്‍ പുതിയ നിയമമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th May 2023, 10:56 am

ന്യൂ ദല്‍ഹി: ജഡ്ജി നിയമനത്തര്‍ക്കത്തിന് പിന്നാലെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് കിരണ്‍ റിജിജുവിനെ മാറ്റി. അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് പുതിയ നിയമമന്ത്രിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മുന്‍നിര നേതാവായ റിജിജു മുന്‍ ബി.ജെ.പി സര്‍ക്കാരുകളില്‍ ഉള്‍പ്പെടെ നിര്‍ണായക പദവികള്‍ വഹിച്ചിരുന്ന ആളാണ്.

നിയമമന്ത്രിയായിരിക്കെ റിജിജു സുപ്രീം കോടതി ജഡ്ജിമാരെ നിരന്തരം ഇകഴ്ത്തി കാണിക്കുന്നത് പതിവായിരുന്നു. കേന്ദ്ര നിയമമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇത് സുപ്രീം കോടതിയുമായി ഏറ്റുമുട്ടുന്ന സാഹചര്യങ്ങളിലേക്ക് വരെ നീങ്ങിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പുതിയ നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശിപാര്‍ശ അനുസരിച്ചാണ് നിയമമന്ത്രി സ്ഥാനത്ത് നിന്ന് കിരണ്‍ റിജിജുവിനെ മാറ്റിയത്. അതീവ രഹസ്യമായി സുപ്രധാന തീരുമാനമാണ് ബി.ജെ.പി സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരിക്കുന്നത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഞെട്ടിക്കുന്ന നീക്കം.

സംസ്ഥാന തെരഞ്ഞെടുപ്പുകളിലെല്ലാം ഏകീകൃത സിവില്‍ കോഡ് പ്രചരണ വിഷയമാക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് കിരണ്‍ റിജിജുവിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത്. രാജസ്ഥാനില്‍ നിന്നുള്ള മന്ത്രിയാണ് അര്‍ജുന്‍ റാം മേഘ്‌വാള്‍.

തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രമന്ത്രി പദവി നല്‍കിയുള്ള നീക്കം ബി.ജെ.പി ഇതിന് മുമ്പും നടത്തിയിട്ടുണ്ട്. രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനെ അഭിമാനപോരാട്ടമായാണ് ബി.ജെ.പി കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് രാജസ്ഥാനില്‍ നിന്നുള്ള ഒരാള്‍ക്ക് കേന്ദ്രമന്ത്രി പദവി നല്‍കിയത്.

content highlights: Arjun Ram Meghwal replaces Kiren Rijiju as Union Law Minister