| Sunday, 10th November 2024, 12:48 pm

സ്വിമ്മിങ് പൂളിന്റെ ആഴത്തിലേക്ക് എറിയപ്പെട്ടപോലെയാണ് ആ ചിത്രം ചെയ്യുമ്പോള്‍ എനിക്ക്: അര്‍ജുന്‍ രാധാകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോക്കറ്റ് ബോയ്സ് എന്ന സീരീസില്‍ എ.പി.ജെ അബ്ദുള്‍ കലാമിനെ അവതരിപ്പിച്ച് പ്രക്ഷേക ശ്രദ്ധ നേടിയ താരമാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. അമിതാഭ് ബച്ചന്‍ നായകനായ ഝുണ്ട് എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു. കമല്‍ സംവിധാനം ചെയ്ത പടയില്‍ കളക്ടര്‍ അജയ് ശ്രീപദ് ഡാങ്കേയായും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ശേഷം ഡിയര്‍ ഫ്രണ്ട് എന്ന ചിത്രത്തിലും ഉള്ളൊഴുക്കിലും കണ്ണൂര്‍ സ്‌ക്വാഡിലും അര്‍ജുന്‍ അഭിനയിച്ചു.

പട എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. പട ചെയ്യുമ്പോള്‍ സ്വിമ്മിങ് പൂളിന്റെ ആഴത്തിലേക്ക് എറിയപ്പെട്ടപോലെയാണ് തോന്നിയതെന്നും ചിത്രത്തില്‍ വലിയ താരങ്ങളും വലിയ ഷോട്ടുകളുമായിരുന്നു ഉണ്ടായിരുന്നതെന്നും അര്‍ജുന്‍ പറയുന്നു.

ഭാഷ തനിക്ക് വലിയ പ്രശ്‌നമായിരുന്നെന്നും നാല് വയസുള്ളപ്പോള്‍ കേരളത്തില്‍ നിന്നും പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാഷ അറിയാത്തതിന്റെ ബുദ്ധിമുട്ടുകള്‍ പട ചെയ്യുമ്പോള്‍ ഉണ്ടായിരുന്നെന്നും കൂടെയുള്ളവര്‍ തമാശകള്‍ പറയുമ്പോള്‍ താന്‍ മനസിലായതുപോലെ ചിരിച്ചുകൊണ്ടിരിക്കുമെന്നും അര്‍ജുന്‍ പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണന്‍.

‘പട എന്ന സിനിമ ചെയ്യുമ്പോള്‍ സ്വിമ്മിങ് പൂളിന്റെ ആഴത്തിലേക്ക് ഏറിയപ്പെട്ടപോലെയാണ് എനിക്ക് തോന്നിയത്. കാരണം എല്ലാം വലിയ വലിയ ഷോട്ടുകളായിരുന്നു. ചാക്കോച്ചന്‍, വിനായകന്‍ ചേട്ടന്‍, ജോജു ചേട്ടന്‍ അങ്ങനെ എല്ലാവരും വലിയ താരങ്ങളും ആയിരുന്നു. ഇവരുടെ കൂടെയെല്ലാം വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്ക് വലിയ ആഴത്തിലേക്ക് പോകുന്നതുപോലെയാണ് തോന്നാറുള്ളത്.

ബാക്കിയുള്ള കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കാനുള്ള സമയം എനിക്കില്ലായിരുന്നു. ഭാഷയും വലിയ പ്രശ്‌നമായിരുന്നു. കേരളത്തിലെ എന്റെ ആകെയുള്ള ബന്ധം എന്ന് പറയുന്നത് ഒരു നാല് വയസുവരെ ഇവിടെ ഉണ്ടായിരുന്നു എന്നതും പിന്നെ വേനലവധിക്ക് വരുന്നതും മാത്രമായിരുന്നു. പെട്ടന്ന് ഞാന്‍ മലയാളത്തില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അതിന്റേതായിട്ടുള്ള ബുദ്ധിമുട്ടുകള്‍ വേറെയും ഉണ്ടായിരുന്നു.

പലപ്പോഴും അവര്‍ പറയുന്നതിന്റെ യഥാര്‍ത്ഥ അര്‍ഥം എനിക്ക് മനസിലാക്കാന്‍ കഴിയില്ലായിരുന്നു. തമാശകള്‍ പലതും പിടിച്ചെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അപ്പോഴെല്ലാം ഞാന്‍ ചുമ്മാ ചിരിച്ചുകൊണ്ടിരിക്കും. പിന്നെ പിന്നെ അവര്‍ക്ക് മനസിലായി ഞാന്‍ കാര്യം പിടികിട്ടാതെ വെറുതെ ചിരിക്കുന്നതാണെന്ന്,’ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറയുന്നു.

Content Highlight: Arjun Radhkrishnan Talks About Pada Movie

We use cookies to give you the best possible experience. Learn more