റോക്കറ്റ് ബോയ്‌സിലെ അബ്ദുള്‍ കലാം മുതല്‍ ഉള്ളൊഴുക്കിലെ രാജീവ് വരെ, പെര്‍ഫോമന്‍സ് കൊണ്ട് അടിച്ച് കയറുന്ന അര്‍ജുന്‍ രാധാകൃഷ്ണന്‍
Entertainment
റോക്കറ്റ് ബോയ്‌സിലെ അബ്ദുള്‍ കലാം മുതല്‍ ഉള്ളൊഴുക്കിലെ രാജീവ് വരെ, പെര്‍ഫോമന്‍സ് കൊണ്ട് അടിച്ച് കയറുന്ന അര്‍ജുന്‍ രാധാകൃഷ്ണന്‍
അമര്‍നാഥ് എം.
Thursday, 27th June 2024, 8:33 pm

ഇന്ത്യയുടെ റോക്കറ്റ് സയന്‍സിന്റെ പിതാവായ വിക്രം സാരാഭായുടെയും അറ്റോമിക് റിസര്‍ച്ചിലെ അതികായന്‍ ഹോമി ജെ. ഭാഭയുടെയും ജീവിതകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ റോക്കറ്റ് ബോയ്‌സ് എന്ന സീരീസില്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് എ.പി.ജെ അബ്ദുള്‍ കലാമിനെ അവതരിപ്പിച്ച നടനായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ അബ്ദുള്‍ കലാമിനെപ്പോലൊരു ഇതിഹാസത്തിന്റെ വേഷം അവതരിപ്പിച്ച നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍.

ആ മുഖം ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ടത് അമിതാഭ് ബച്ചന്‍ നായകനായ ഝുണ്ട് എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ കഥാപാത്രം ഒരുപാട് പ്രശംസ നേടിക്കൊടുത്തു. പിന്നീട് കമാല്‍ സംവിധാനം ചെയ്ത പടയിലൂടെ മലയാളത്തിലും അരങ്ങേറി. ചിത്രത്തിലെ കളക്ടര്‍ അജയ് ശ്രീപദ് ഡാങ്കേ എന്ന കഥാപാത്രം റിലീസിന്റെ സമയത്ത് തന്നെ ചര്‍ച്ചയായിരുന്നു. വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ വളരെ ശ്രദ്ധാപൂര്‍വ്വമാണ് അര്‍ജുന്‍ ഓരോ കഥാപാത്രത്തെയും തെരഞ്ഞെടുക്കുന്നത്.

പടക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്ത ഡിയര്‍ ഫ്രണ്ടിലും അര്‍ജുന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൂട്ടുകാരുടെയൊപ്പം സ്വന്തമായി ഒരു ബിസിനസ് സ്വപ്‌നം കാണുന്ന ശ്യാം എന്ന കഥാപാത്രത്തിന്റെ എല്ലാ മാനസികാവസ്ഥകളും അര്‍ജുന്റെ കൈയില്‍ ഭദ്രമായിരുന്നു. മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിലെ വില്ലനായ അമീറിനെയും അര്‍ജുന്‍ ഗംഭീരമാക്കി. ചെയ്ത കഥാപാത്രങ്ങള്‍ക്കെല്ലാം വ്യത്യസ്ത ലുക്ക് നല്‍കാന്‍ അര്‍ജുന് സാധിച്ചു. റോക്കറ്റ് ബോയ്‌സിലെ കലാം തന്നെയാണോ കണ്ണൂര്‍ സ്‌ക്വാഡിലെ വില്ലന്‍ എന്ന് പ്രേക്ഷകര്‍ക്ക് തോന്നിപ്പോകുന്ന തരത്തിലാണ് അര്‍ജുന്റെ മാറ്റം.

ഉര്‍വശിയും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ഉള്ളൊഴുക്കിലും അര്‍ജുന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പാര്‍വതി അവതരിപ്പിച്ച അഞ്ചുവിന്റെ കാമുകന്‍ രാജീവായി മികച്ച പെര്‍ഫോമന്‍സാണ് അര്‍ജുന്‍ കാഴ്ചവെച്ചത്. ജോലിയൊന്നുമാകാതെ, മുന്നോട്ട് പോകാന്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന ഒരു യുവാവിന്റെ മാനസിക സംഘര്‍ഷങ്ങള്‍ വളരെ കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ അര്‍ജുന് സാധിച്ചു.

ഉര്‍വശി, പാര്‍വതി എന്നിവരോടൊപ്പം അര്‍ജുന്റെ പെര്‍ഫോമന്‍സും പ്രേക്ഷകര്‍ എടുത്ത് പറയുമ്പോള്‍ മനസിലാകും ആ നടന്റെ കഴിവ്. പാതി മലയാളിയായ അര്‍ജുനെ വേണ്ട രീതിയില്‍ മലയാളസിനിമ ഉപയോഗിച്ചാല്‍ ഒരുപാട് പ്രശംസകളും അംഗീകാരങ്ങളും മലയാളം ഇന്‍ഡസ്ട്രിയെ തേടിവരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

Content Highlight: Arjun Radhakrishnan’s performance in Ullozhukk

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം