| Tuesday, 27th February 2018, 4:52 pm

ശ്രീദേവിയുടെ മരണം; പിണക്കം മറന്ന് ജാന്‍വിയെ ആശ്വസിപ്പിക്കാന്‍ അര്‍ജുന്‍ കപൂര്‍ എത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ താരങ്ങളും ബന്ധുക്കളുമായി നിരവധി പേരാണ് ഭര്‍തൃ സഹോദരന്‍ അനില്‍ കപൂറിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യവിവാഹത്തിലെ മകന്‍ അര്‍ജ്ജുന്‍ കപൂര്‍ അനുശോചനമറിയിക്കാന്‍ എത്തിയതാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.

“നമസ്‌തേ ഇംഗ്ലണ്ട്” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അമൃത്സറിലായിരുന്ന അര്‍ജുന്‍, മരണവാര്‍ത്ത അറിഞ്ഞയുടന്‍ മുംബൈയിലെത്തുകയും അര്‍ധസഹോദരിയായ ജാന്‍വിയെ ആശ്വസിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ബോണി കപൂറിന്റെയും ആദ്യ ഭാര്യ മോനയുടെയും മകനാണ് ബോളിവുഡ് താരം കൂടിയായ അര്‍ജുന്‍ കപൂര്‍. മോന ജീവിച്ചിരിക്കെ ആയിരുന്നു ബോണി കപൂറും ശ്രീദേവിയുമായുള്ള വിവാഹം. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം തകര്‍ത്ത ശ്രീദേവിയോട് എപ്പോഴും അകലം പുലര്‍ത്തിയിരുന്ന അര്‍ജുന്‍ കപൂറിന്റെ സന്ദര്‍ശനം ആരും പ്രതീക്ഷിച്ചിരുന്നില്ല.

കൂടാതെ ശ്രീദേവിയുടെ മൃതദേഹം വിട്ടു കിട്ടുന്നതിനായി ബോണി കപൂറിനൊപ്പം അര്‍ജ്ജുനും ദുബൈയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

അതേസമയം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതോടെ ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിച്ചേക്കും. മൃതദേഹം വിട്ടു നല്‍കാനുള്ള ക്ലിയറന്‍സ് ലെറ്റര്‍ ദുബൈ പൊലീസ് ഇന്ത്യന്‍ കോണ്‍സുലേറ്റിനും ഭര്‍ത്താവ് ബോണി കപൂറിനും കൈമാറിയിട്ടുണ്ട്.

ശ്രീദേവിയുടെ മൃതദേഹം എംബാം ചെയ്യുന്നതിനായി ഉടന്‍ കൊണ്ടുപോകും. ഇതോടെ ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.

We use cookies to give you the best possible experience. Learn more