ഒട്ടേറെ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് അര്‍ജുന്‍ ദാസ്. താരത്തിന് കേരളത്തില്‍ പോലും നിരവധി ആരാധകരുണ്ട്. ലോകേഷ് കനകരാജിന്റെ കൈതി എന്ന സിനിമയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായത്.
കൈതിക്ക് പിന്നാലെ ലോകേഷിന്റെ തന്നെ ചിത്രങ്ങളായ മാസ്റ്ററിലും വിക്രമിലും അര്‍ജുന്‍ ദാസ് അഭിനയിച്ചിരുന്നു. താരം മലയാള സിനിമയില്‍ നായകനായി എത്തുന്നുവെന്ന വാര്‍ത്ത ഈയിടെ പുറത്തുവന്നിരുന്നു.
പ്രേക്ഷക പ്രശംസ നേടിയ ജൂണ്‍, മധുരം, എന്നീ ചിത്രങ്ങള്‍ക്കും ‘കേരള ക്രൈം ഫയല്‍സ്’ എന്ന വെബ് സീരീസിനും ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അര്‍ജുന്‍ ദാസ് നായകനായി എത്തുന്നത്.
ഇപ്പോള്‍ പോര്‍ എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അര്‍ജുന്‍ ദാസ്. താന്‍ ഒരിക്കല്‍ മോഹന്‍ലാലിനെ കണ്ടിരുന്നെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിരുന്നെന്നും പറയുകയാണ് താരം.
ഈയിടെ മമ്മൂട്ടി ചിത്രമായ ടര്‍ബോയില്‍ വില്ലനായി അര്‍ജുന്‍ ദാസ് ഭാഗമാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. താരം ടര്‍ബോയുടെ ലൊക്കേഷനിലെത്തിയതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
എന്നാല്‍ താന്‍ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാന്‍ വേണ്ടിയായിരുന്നു അന്ന് ലൊക്കേഷനില്‍ പോയതെന്നും മമ്മൂട്ടിയും മോഹന്‍ലാലും തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരാണെന്നും താരം പറഞ്ഞു. മോഹന്‍ലാലിനെ മമ്മൂട്ടിയെക്കാള്‍ മുമ്പ് കാണാനുള്ള ഭാഗ്യം കിട്ടിയിരുന്നെന്നും അന്നത്തെ ഫോട്ടോ തന്റെ കയ്യിലുണ്ടെന്നും അര്‍ജുന്‍ ദാസ് പറയുന്നു.
‘മമ്മൂക്ക സാറിന്റെ അനുഗ്രഹം വാങ്ങാന്‍ വേണ്ടിയായിരുന്നു ടര്‍ബോയുടെ ലൊക്കേഷനില്‍ പോയത്. കാരണം അതിന്റെ മുമ്പ് ഞാന്‍ മോഹന്‍ലാല്‍ സാറിനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങിയിരുന്നു.
എന്നാല്‍ മമ്മൂക്കയെ എനിക്ക് അതുവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ആ സമയത്ത് ടര്‍ബോയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഞാനും ആ സിനിമയില്‍ ഉണ്ടെന്ന് എവിടെ നിന്നോ ഒരു അനൗണ്‍സ്‌മെന്റ് വന്നിരുന്നു.
അതുകൊണ്ട് ഞാന്‍ ടര്‍ബോയുടെ അണിയറപ്രവര്‍ത്തകരോട് അനുവാദം വാങ്ങിയിട്ടാണ് മമ്മൂക്കയെ പോയി കണ്ടത്. കാരണം എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരാണ് മമ്മൂക്കയും ലാലേട്ടനും. ലാലേട്ടനെ ആദ്യം തന്നെ കാണാനുള്ള ഭാഗ്യം കിട്ടിയിരുന്നു.
അന്ന് ലാലേട്ടന്റെ അനുഗ്രഹവും വാങ്ങിയതാണ്. അതിന്റെ ഫോട്ടോയും എന്റെ കയ്യിലുണ്ട്. അതുകൊണ്ട് ടര്‍ബോയുടെ ലൊക്കേഷനില്‍ പോയി മമ്മൂക്കയെ കണ്ട് അനുഗ്രഹം വാങ്ങുകയായിരുന്നു,’ അര്‍ജുന്‍ ദാസ് പറഞ്ഞു.
Content Highlight: Arjun Das Talks About Mohanlal And Mammootty