|

ആ കഥാപാത്രത്തെ വെച്ച് ഒരു സ്റ്റാന്‍ഡ് അലോണ്‍ സിനിമ ലോകേഷ് പ്ലാന്‍ ചെയ്യുന്നുണ്ട്, നടന്നാല്‍ ഗംഭീരമാകും: അര്‍ജുന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൈതി, വിക്രം, ലിയോ എന്ന സിനിമകളിലൂടെ തമിഴ് ഇന്‍ഡസ്ട്രിയില്‍ ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് തുടങ്ങിയ സംവിധായകനാണ് ലോകേഷ് കനകരാജ്. 2019ല്‍ റിലീസായ കൈതിയിലെ കഥാപാത്രങ്ങളെ വിക്രത്തില്‍ കൊണ്ടുവന്ന് ഒരു ഗംഭീര യൂണിവേഴ്‌സ് ലോകേഷ് ഒരുക്കിവെച്ചു. 2023ല്‍ പുറത്തിറങ്ങിയ ലിയോയിലും എല്‍.സി.യുവിലെ കഥാപാത്രങ്ങളുണ്ട്.

ഇപ്പോഴിതാ കൈതിയിലെ അന്‍പിനെ വെച്ച് ഒരു സ്റ്റാന്‍ഡ് എലോണ്‍ സിനിമയുടെ കഥ ലോകേഷിന്റെ മനസിലുണ്ടെന്നും ആ കഥ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അര്‍ജുന്‍ ദാസ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ രസവാദിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എസ്.എസ് മ്യൂസികിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ ഇക്കാര്യം പറഞ്ഞത്. എല്‍.സി.യുവിന്റെ ആരംഭഘട്ടമൊക്കെ വിശദമായി ആ കഥയിലുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു. ആ യൂണിവേഴ്‌സിലെ ഏത് കഥാപാത്രത്തെ എടുത്താലും അവരെ വെച്ചൊരു കഥ ലോകേഷിന്റെ മനസിലുണ്ടെന്നും അര്‍ജുന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

‘എല്‍.സി.യുവില്‍ ഓരോ കഥാപാത്രത്തെ വെച്ചും ഒരു സ്റ്റാന്‍ഡ് എലോണ്‍ സിനിമ ചെയ്യാനുള്ള കഥ ലോകേഷിന്റെ കൈയിലുണ്ട്. അന്‍പിനെ വെച്ച് ഒരു സ്റ്റാന്‍ഡ് എലോണ്‍ സിനിമയുടെ കഥ ലോകേഷ് എന്നോട് പറഞ്ഞിട്ടുണ്ട്. ഈ യൂണിവേഴ്‌സിന്റെ ആരംഭം എങ്ങനെയാണെന്ന് വിശദമായി കാണിക്കുന്ന കഥയാണ്. കേട്ടപ്പോള്‍ തന്നെ എനിക്ക് വലിയ ആവേശമായി.

കൈതി 2 ആണ് എല്‍.സി.യുവിലെ അടുത്ത സിനിമ. പിന്നെ റോളക്‌സിനെ വെച്ചൊരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. ലിയോ ദാസിന്റെ ബാക്ക് സ്‌റ്റോറി എന്തായിരുന്നുവെന്ന് കാണിച്ചുകൊണ്ട് ഒരു സിനിമ ചിലപ്പോള്‍ ഉണ്ടാകാം. പിന്നെ വിക്രം 2. അതിലായിരിക്കും എല്ലാ കഥാപാത്രങ്ങളും ഒരുമിച്ച് വരിക. അന്‍പിന്റെ സ്റ്റാന്‍ഡ് എലോണ്‍ സിനിമ ലോകേഷ് ചെയ്യണമെന്നാണ് എന്റെ ചെറിയൊരു അത്യാഗ്രഹം,’ അര്‍ജുന്‍ പറഞ്ഞു.

Content Highlight: Arjun Das saying Lokesh had plan to do a stand alone film for Anbu in LCU