ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയിലൂടെ ശ്രദ്ധേയനായ നടനാണ് അര്‍ജുന്‍ ദാസ്. മാസ്റ്റര്‍, വിക്രം എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയുടെ മുന്‍നിരയിലേക്ക് വരാന്‍ താരത്തിന് സാധിച്ചു. അന്ധകാരം എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്ക് വഴങ്ങുമെന്ന് അര്‍ജുന്‍ ദാസ് തെളിയിച്ചു. ആരെയും ആകര്‍ഷിക്കുന്ന ശബ്ദമാണ് അര്‍ജുന്‍ ദാസ് എന്ന നടന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ചയായിരിക്കുന്നതും താരത്തിന്റെ ശബ്ദമാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറുന്ന കല്‍ക്കി 2898എ.ഡിയില്‍ കൃഷ്ണന് ശബ്ദം നല്‍കിയിരിക്കുന്നത് അര്‍ജുന്‍ ദാസാണ്. തെലുങ്ക്, ഹിന്ദി വേര്‍ഷനുകളിലാണ് അര്‍ജുന്‍ ദാസ് കൃഷ്ണന് ശബ്ദം നല്‍കിയത്.
ചിത്രത്തിന് ശബ്ദം നല്‍കിയ അനുഭവത്തെക്കുറിച്ച് അര്‍ജുന്‍ ദാസ് പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. രണ്ട് മാസം മുമ്പാണ് കല്‍ക്കിയുടെ നിര്‍മാതാവ് തന്നെ വിളിച്ചതെന്നും രണ്ട് സീനില്‍ ശബ്ദം കൊടുക്കാമോ എന്ന് ചോദിച്ചതെന്നും താന്‍ അതുകേട്ട് ആദ്യം മടിച്ചെന്നും അര്‍ജുന്‍ ദാസ് പറഞ്ഞു.
എന്നാല്‍ അശ്വത്ഥാമാവായി അഭിനയിക്കുന്ന അമിതാഭ് ബച്ചന്‍ ഉള്ള സീനിനാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ സമ്മതിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ജീവിതത്തില്‍ എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടോ എന്ന് ഇനിയാരെങ്കിലും തന്നോട് ചോദിച്ചാല്‍ അമിതാഭ് ബച്ചനുമായി ഒരു ഡയലോഗ് തനിക്കുണ്ടെന്ന് പറയുമെന്നും അര്‍ജുന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.
‘രണ്ട് മാസം മുമ്പാണ് കല്‍ക്കിയുടെ നിര്‍മാതാവ് പ്രിയങ്ക എന്നെ വിളിക്കുന്നത്. മുംബൈയില്‍ ഒരു ഡബ്ബിങ് ഉണ്ട്, കല്‍ക്കിയിലെ കൃഷ്ണന് വേണ്ടിയാണ് ഡബ്ബ് ചെയ്യേണ്ടത് എന്ന് പറഞ്ഞു. ആദ്യം ഒന്ന് മടിച്ചെങ്കിലും അമിതാഭ് ബച്ചനുമായി ഡയലോഗ് ഉണ്ടെന്നറിഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഞാന്‍ ഡബ്ബിങ്ങിന് സമ്മതിച്ചു. തെലുങ്കിലും ഹിന്ദിയിലും അമിതാഭ് ബച്ചന്‍ സാറിന്റെ കൂടെ എന്റെ ശബ്ദത്തില്‍ ഡയലോഗ് കേള്‍ക്കാം. കുട്ടിക്കാലത്ത് ബച്ചന്‍ സാറിന്റെ ഡയലോഗുകള്‍ കണ്ട് ചുണ്ടനക്കിയ സമയത്ത് നിന്ന് ഇതുവരെയെത്തി നില്‍ക്കുകയാണ്.
ബച്ചന്‍ സാര്‍, ആരെങ്കിലും എന്നോട് ‘എനിക്ക് സ്വന്തമായി വലിയ വീടുണ്ട്, കാറുണ്ട്, ഒരുപാട് സ്വത്തുണ്ട്, നിനക്കെന്തുണ്ട്’ എന്ന് ചോദിച്ചാല്‍ ഞാന്‍ അവരോട് പറയും ‘എനിക്ക് അമിതാഭ് ബച്ചന്റെ കൂടെ രണ്ട് സീനില്‍ ഡയലോഗുണ്ട്’ എന്ന്. ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സമ്പാദ്യം ഇനിമുതല്‍ ഇതാണ്,’ അര്‍ജുന്‍ ദാസ് എക്‌സില്‍ കുറിച്ചു.
Content Highlight: Arjun Das’s post on X about voice over in Kalki 2898 AD viral in social media