| Thursday, 3rd August 2023, 8:56 pm

ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ് ഓഡിഷനുകളിനിന്നും ഒഴിവാക്കിയിട്ടുണ്ട്; കൈതിയാണ് എല്ലാം മാറ്റി മറിച്ചത്: അർജുൻ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശബ്ദം കൊണ്ടും രൂപം കൊണ്ടും വ്യത്യസ്തരായ ഒരുപാട് അഭിനേതാക്കൾ സിനിമ മേഖലകളിൽ ഉണ്ട്. അത്തരത്തിൽ ഭാഷ വ്യത്യാസമില്ലാതെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് അർജുൻ ദാസ്. 2012 ൽ സിനിമയിലേക്കെത്തിയ ഇദ്ദേഹം കൈതി എന്ന ചിത്രത്തിലെ പ്രകടനംകൊണ്ടും തന്റെ ശബ്ദത്തിലെ പ്രത്യേകതകൊണ്ടും ശ്രദ്ധ നേടി. തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയായണ് അർജുൻ ദാസ്.

തന്റെ ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ് ഓഡിഷനുകളിൽനിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് അർജുൻ ദാസ് പറഞ്ഞു. ഓരോ സിനിമകളും കഴിയുമ്പോൾ രണ്ടുമുതൽ ഏഴ് വർഷങ്ങൾ വരെ ഇടവേളകൾ ഉണ്ടായിരുന്നെന്നും കൈതിയാണ്‌ തന്റെ ജീവിതം മാറ്റിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ദുബായിൽ നിന്നും ചെന്നൈയിലേക്ക് സിനിമ എന്ന മോഹവുമായി വന്നിട്ട് ഒരു വർഷത്തോളം ഒന്നും ചെയ്യാതെ ഇരുന്നു. പെട്ടെന്ന് തന്നെ ഒരു ചാൻസ് കിട്ടുമെന്ന് ഞാൻ കരുതി. നിർഭാഗ്യവശാൽ അന്ധകാരം എന്ന ചിത്രം ഷൂട്ട് ചെയ്തിട്ട് ഏഴ് വർഷത്തോളം എടുത്തു അത് റിലീസ് ചെയ്യാൻ. ഇത്രയും സമയം എടുക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.

പുറത്ത് നിന്നും സിനിമ കാണുമ്പോൾ സിനിമയിലേക്ക് എത്തിപ്പെടാൻ ഇത്രയും ബുദ്ധിമുട്ടുണ്ടെന്ന് നമുക്ക് തോന്നില്ല. തുടക്ക കാലത്ത് ഞാൻ ഒരുപാട് അഭിനേതാക്കളുടെ അഭിമുഖങ്ങൾ കാണാറുണ്ടായിരുന്നു. അതിൽ നിന്നും അവരുടെ എക്സ്പീരിയൻസുകൾ മനസിലാക്കും.

സംവിധായകരെ പോയി കാണുന്നതും നമ്മുടെ ഫോട്ടോകൾ കൊടുക്കുന്നതും ഒക്കെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മനസിലായി. ഒരുപാട് ഫെയിൽഡ് ആയിട്ടുള്ള ഓഡിഷനുകൾ ഉണ്ടായിട്ടുണ്ട്. ഒത്തിരി സിനിമകളിൽനിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. എന്നെ തെരഞ്ഞെടുക്കാതിരിക്കാനുള്ള പ്രധാന കാരണം എന്റെ ശബ്ദമാണ്.

എന്നിട്ടും എനിക്ക് അന്ധകാരം എന്ന ചിത്രത്തിൽ അഭിനയിക്കാൻ പറ്റി. പിന്നീട് കൈതിയും സംഭവിച്ചു. ഓരോ സിനിമകൾ കഴിഞ്ഞിട്ടും രണ്ടുമുതൽ ഏഴോ എട്ടോ വർഷങ്ങൾ വരെ ഗ്യാപ് എനിക്കുണ്ടായിട്ടുണ്ട്. ഉറപ്പായും ഒരു ഏഴ് വർഷം വരെ വെറുതെ ഇരുന്നിട്ടുണ്ട്. പക്ഷെ ഒരു പരാതിയും ഇല്ല. കാരണം എനിക്ക് അതിൽനിന്നൊക്ക ഒരുപാട് പഠിക്കാൻ പറ്റി,’ അർജുൻ പറഞ്ഞു.

അഭിമുഖത്തിൽ കൈതി എന്ന ചിത്രത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. കൈതിയിലെ കഥാപാത്രം പ്രേക്ഷകർ സ്വീകരിക്കുമെന്ന് താനും സംവിധായകൻ ലോകേഷും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കൈതി എന്ന ചിത്രത്തിലേക്കുള്ള ഫോൺ കോൾ ആണ് എന്റെ ജീവിതം മാറ്റി മറിച്ചത്. ലോകേഷ് സാറും ഞാനും ഒരിക്കലും വിചാരിച്ചില്ല അൻപ് എന്ന കഥാപത്രം പ്രേക്ഷകർ സ്വീകരിക്കുമെന്ന്. ഒരു വലിയ ചിത്രത്തിൽ അവസരം കിട്ടിയതായിട്ടാണ് ഞാൻ അതിനെ കണക്കാക്കിയത്. പിന്നീട് മാസ്റ്ററിൽ അഭിനയിക്കാൻ പറ്റി. വലിയ ഒരു സ്റ്റാറിന്റെ കൂടെ അഭിനയിക്കാൻ പറ്റി. ഒരുപാട് ആളുകൾ എന്നെ തിരിച്ചറിഞ്ഞു. അതൊക്കെ വലിയ ഭാഗ്യമാണ്,’ അർജുൻ ദാസ് പറഞ്ഞു.

Content Highlights: Arjun Das on his voice

We use cookies to give you the best possible experience. Learn more