ബാലതാരമായി സിനിമയിലേക്കെത്തി രണ്ടാമത്തെ സിനിമയില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരമാണ് കാളിദാസ് ജയറാം. ആദ്യത്തെ രണ്ട് സിനിമക്ക് ശേഷം പഠനത്തിലേക്ക് ശ്രദ്ധ നല്‍കിയ താരം 2018ല്‍ റിലീസായ ‘മീന്‍ കുഴമ്പും മണ്‍പാനൈയും’ എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് തിരിച്ചെത്തി. അതേ വര്‍ഷം തന്നെ ‘പൂമരം’ എന്ന സിനിമയിലൂടെ മലയാളത്തിലും നായകനായി അരങ്ങേറി. 2021ല്‍ ‘പാവക്കഥൈകള്‍’ എന്ന ആന്തോളജി സീരീസിലെ തങ്കം എന്ന സെഗ്മെന്റിലെ പ്രകടനം മികച്ച പ്രശംസ നേടിക്കൊടുത്തു.
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പോര്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. കൈതി എന്ന സിനിമയിലൂടെ പരിചിതനായ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പോണ്ടിച്ചേരിയിലെ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിനിടയിലുള്ള അനുഭവം ക്യൂ സ്റ്റുഡിയോയോട് പങ്കുവെക്കുകയാണ് കാളിദാസ് ജയറാം.
അർജുൻ ഒരു ഫൈറ്റിന്റെ ഇടയ്ക്ക് മുന്നിലേക്ക് വീണെന്നും രണ്ട് പല്ല് പോയെന്നും കാളിദാസ് പറഞ്ഞു. ബാസ്ക്കറ്റ്ബോൾ കോർട്ടിൽ ആദ്യമേ വഴുക്കൽ ഉണ്ടായിരുന്നെന്നും അതിനു പുറമെ റെയ്ൻ എഫക്ട് കൂടെ ആയതുകൊണ്ടാണ് വീണതെന്നും കാളിദാസ് കൂട്ടിച്ചേർത്തു. രണ്ട് പല്ല് പോയെന്നും എന്നാൽ അതും വെച്ചുകൊണ്ട് ഫൈറ്റ് ചെയ്‌തെന്നും കാളിദാസ് പറയുന്നുണ്ട്.
‘ ഒരു ഫൈറ്റിന്റെ ഇടയ്ക്ക് റെയ്ൻ എഫക്ട് ആയിരുന്നു. ബാസ്ക്കറ്റ്ബോൾ കോർട്ട് ആദ്യമേ സ്ലിപ് ആയിരിക്കുകയായിരുന്നു, അതിന്റെ മേലെ റെയ്ൻ എഫക്ട് കൂടെ ആയപ്പോൾ അർജുൻ മുന്നിലേക്ക് വീണു. മുന്നിലെ രണ്ട് പല്ല് പോയി.
രണ്ടെണ്ണം പോയി, എന്നിട്ട് അതും വെച്ചുകൊണ്ട് ഫുൾ ഫൈറ്റ് കമ്പ്ലീറ്റ് ചെയ്തു. എല്ലാവരും പേടിച്ചുപോയി. പക്ഷേ ഇയാൾ ഭയങ്കര കൂൾ ആയിരുന്നു. സെറ്റിൽ ഉണ്ടായിരുന്ന എല്ലാവരും നന്നായിട്ട് പേടിച്ചുപോയി,’ കാളിദാസ് ജയറാം പറഞ്ഞു.
Content Highlight: Arjun das lost two teeth in por movie’s location