ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ സിനിമയാണ് വിക്രം. കമല്‍ ഹാസന്‍ നായകനായ വിക്രത്തിലൂടെ തമിഴില്‍ പുതിയൊരു സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കമാവുകയായിരുന്നു. ലോകേഷിന്റെ തന്നെ സംവിധാനത്തില്‍ വന്ന കൈതി എന്ന സിനിമയിലെ കഥാപാത്രങ്ങള്‍ വിക്രത്തില്‍ ഉണ്ടായിരുന്നു. സിനിമയുടെ അവസാനം റോളക്‌സ് എന്ന വില്ലന്‍ വേഷത്തില്‍ വന്നത് സൂര്യയായിരുന്നു. വിക്രം സിനിമയില്‍ സൂര്യ വരുന്ന കാര്യം ലോകേഷ് ആരോടും പറഞ്ഞിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് അര്‍ജുന്‍ ദാസ്.
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പോര്‍ ആണ് അര്‍ജുന്‍ ദാസിന്റെ പുതിയ സിനിമ. മലയാളി താരം കാളിദാസ് ജയറാമും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിക്രം സിനിമയുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്. വിക്രം സിനിമയില്‍ അന്‍പ് എന്ന കഥാപാത്രം ഉണ്ടെന്ന വിവരം ആദ്യമേ അറിയുമായിരുന്നോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘വിക്രം സിനിമയുടെ കഥ ലോകേഷ് എന്നോട് പറയുമ്പോള്‍ എല്‍.സി.യു. വിന്റെ കാര്യം പറഞ്ഞിരുന്നില്ല. വണ്‍ലൈന്‍ മാത്രമേ എന്നോട് പറഞ്ഞിരുന്നുള്ളൂ. വിക്രം സിനിമയുടെ ഷൂട്ടിന്റെ സമയത്ത് ഞാന്‍ ഗോവയില്‍ ഒരു ഹിന്ദി സിനിമയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. ഒരു ദിവസം ലോകേഷ് എന്നെ വിളിച്ചിട്ട്, വിക്രം സിനിമയില്‍ നിനക്ക് ചെറിയൊരു വേഷമുണ്ടെന്ന് പറഞ്ഞു. റോള്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ കൈതിയിലെ അന്‍പ് തന്നെയാണ് ഇതിലെന്ന് പറഞ്ഞു. അന്‍പ് കൈതിയില്‍ മരിച്ചതല്ലേ എന്ന് ചോദിച്ചപ്പോള്‍, അതൊക്കെ നമുക്ക് ആള്‍ക്കാരെ വിശ്വസിപ്പിക്കാം എന്ന് പറഞ്ഞു. ഹിന്ദി സിനിമയില്‍ നിന്ന് രണ്ട് ദിവസം മാറിനിന്നിട്ടാണ് ഞാന്‍ വിക്രമില്‍ അഭിനയിച്ചത്.
വിക്രമിന്റെ വണ്‍ലൈന്‍ പറഞ്ഞപ്പോള്‍ റോളക്‌സിന്റെ കഥാപാത്രം ആര് ചെയ്യുമെന്ന് ലോകേഷ് പറഞ്ഞിരുന്നില്ല. ഇങ്ങനെ ഒരു വില്ലന്‍ അവസാനം വരുമെന്നും, എല്ലാവരുടെയും മുകളില്‍ നില്‍ക്കുന്ന കഥാപാത്രമാകും അതെന്നും മാത്രമേ ലോകേഷ് പറഞ്ഞിരുന്നുള്ളൂ. ഞാന്‍ ഷൂട്ടിന് വരുന്നതിന്റെ തലേന്നാണ് റോളക്‌സിന്റെ വേഷം ചെയ്യുന്നത് സൂര്യയാണെന്ന് ലോകേഷ് പറഞ്ഞത്. ഇത്ര വലിയ ചര്‍ച്ചാവിഷയമാകുമെന്നോ ഇത്രയും ഹിറ്റാകുമെന്നോ അന്ന് വിചാരിച്ചിരുന്നില്ല. ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എന്നോട് സിഗരറ്റ് വലിക്കാന്‍ ലോകേഷ് പറഞ്ഞു. കമല്‍ സാറും, സൂര്യാ സാറും ഉള്ള സീനില്‍ ഞാന്‍ സിഗരറ്റ് വലിച്ചുകൊണ്ട് പോയപ്പോള്‍ കൈ വിറക്കുന്നുണ്ടായിരുന്നു. ആ സീന്‍ സൂക്ഷിച്ച് നോക്കിയാല്‍ കൈ വിറക്കുന്നത് കാണാന്‍ പറ്റും. മികച്ച ഒരു എക്‌സ്പീരിയന്‍സ് ആയിരുന്നു ആ സീന്‍,’ അര്‍ജുന്‍ പറഞ്ഞു.
Content Highlight: Arjun Das explains the shooting experience of Vikram