| Saturday, 2nd March 2024, 9:24 am

മുന്നില്‍ വേറെ ഒന്നുമില്ലാതിരുന്ന സമയത്താണ് എന്നെ ലോകേഷ് വിളിച്ചത്: അര്‍ജുന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് അര്‍ജുന്‍ ദാസ്. ചിത്രത്തിലെ നെഗറ്റീവ് റോള്‍ താരത്തിന് നിരവധി പ്രശംസ നേടിക്കൊടുത്തു. തുടര്‍ന്ന് ലോകേഷിന്റെ മാസ്റ്ററിലും വിക്രമിലും താരം അഭിനയിച്ചു. മൂന്ന് സിനിമകളില്‍ നായകനായും അര്‍ജുന്‍ അഭിനയിച്ചു. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത പോര്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. മലയാളി താരം കാളിദാസ് ജയറാമും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍, കരിയര്‍ തന്നെ അനിശ്ചിതത്വത്തില്‍ ആയിരുന്ന സമയത്താണ് ലോകേഷ് തന്നെ മാസ്റ്റര്‍ എന്ന സിനിമയിലേക്ക് വിളിച്ചതെന്ന് പറഞ്ഞു. മാസ്റ്ററില്‍ വിജയ്‌യോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘കൈതി റിലീസിന് മുമ്പ് തന്നെ ലോകേഷ് അടുത്ത സിനിമ വിജയ്‌യെ വെച്ച് അനൗണ്‍സ് ചെയ്തിരുന്നു. അതില്‍ വല്ല റോളും ഉണ്ടാകുമോ എന്ന് ലോകേഷിനോട് ചോദിച്ചപ്പോള്‍ എല്ലാ കാസ്റ്റും ഫിക്‌സായി എന്നാണ് പറഞ്ഞത്. കൈതി കഴിഞ്ഞ ശേഷം കുറേ കഥകള്‍ എന്റെയടുത്തേക്ക് വന്നു. പക്ഷേ അതെല്ലാം നെഗറ്റീവ് റോളുകളായിരുന്നു. എല്ലാത്തിലും അന്‍പിന്റെ ഷെയ്ഡ് ഉണ്ടായിരുന്നു. അതുകൊണ്ട് ആ കഥയെല്ലാം റിജക്ട് ചെയ്തു. പിന്നെ എനിക്ക് വന്ന കഥ അന്ധകാരമായിരുന്നു. പക്ഷേ അത് എപ്പോള്‍ ഇറങ്ങും എന്ന് യാതൊരു പിടിയുമില്ലായിരുന്നു. എല്ലാം കൊണ്ടും മുന്നോട്ടുള്ള കരിയര്‍ ചോദ്യചിഹ്നമായി നില്‍ക്കുന്ന അവസ്ഥയായിരുന്നു അത്.

അങ്ങനെയിരിക്കെ ഒരു ദിവസം ലോകേഷിന്റെ അസിസ്റ്റന്റ് എന്റെ വീട്ടിലേക്ക് വന്നിട്ട് ലോക്ഷിനെ ഫോണ്‍ വിളിച്ച് തന്നു. ലോകേഷ് എന്നോട് ചോദിച്ചു, ഇപ്പോള്‍ ഏതെങ്കിലും സിനിമ ചെയ്യുന്നുണ്ടോ എന്ന്. ഞാന്‍ ഇല്ലായെന്ന് പറഞ്ഞു. അങ്ങനെയാണെങ്കില്‍ വേറെ പടമൊന്നും ഉടനെ കമ്മിറ്റ് ചെയ്യണ്ട. ദളപതി 64ലേക്ക് നിന്നെയും എടുക്കുകയാണ് എന്ന് പറഞ്ഞ് കട്ട് ചെയ്തു. ഇത് ശെരിക്കും നടക്കുന്നതാണോ എന്ന് ഒരു മിനിറ്റ് ചിന്തിച്ചു. പക്ഷേ അത് കഴിഞ്ഞ് ലോകേഷിന്റെയടുത്ത് നിന്ന് വേറെ വിളിയൊന്നും കണ്ടില്ല.

ഞാന്‍ ടെന്‍ഷനായി. ഇത് ഒഫീഷ്യല്‍ ആയിട്ട് എവിടെയും വന്നിട്ടില്ല. അതുകൊണ്ട് ആരോടും പറയാനും പറ്റില്ല. അങ്ങനെ നാലാമത്തെ ദിവസം ലളിത് (മാസ്റ്ററിന്റെ പ്രൊഡ്യൂസര്‍) എന്നെ വിളിച്ചിട്ട് രണ്ട് ദിവസത്തിനുള്ളില്‍ ഷൂട്ട് തുടങ്ങും, റെഡിയായിക്കോളൂ എന്ന് പറഞ്ഞു. അന്ന് വൈകിട്ട് ഒഫീഷ്യലായി ദളപതി 64ല്‍ അര്‍ജുന്‍ ദാസ് ഓണ്‍ ബോര്‍ഡ് എന്ന പോസ്റ്റര്‍ വന്നു. ചെന്നൈയില്‍ നിന്ന് ഷിമോഗയിലേക്കുള്ള ഫ്‌ളൈറ്റില്‍ വെച്ചാണ് ലോകേഷ് എന്റെ കഥാപാത്രത്തെപ്പറ്റി പറയുന്നത്. ജുവനൈല്‍ ക്യാരക്ടറാണ്. പ്രായം തോന്നിക്കുമോ എന്ന് സംശയം പറഞ്ഞപ്പോള്‍ എനിക്ക് പേടിയായി. പക്ഷേ ഷിമോഗയിലെത്തി ആദ്യത്തെ ഷോട്ട് എടുത്ത ശേഷം ഞാന്‍ ലോകേഷിനെ നോക്കി. ലോകേഷ് ആ ഷോട്ടിന്റെ ഫോട്ടോ ഫോണില്‍ എടുത്ത് എന്നെ കാണിച്ചു. എനിക്ക് അര്‍ജുനെ കാണാന്‍ പറ്റുന്നില്ല, ദാസിനെ മാത്രമേ കാണുന്നുള്ളൂ എന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത്,’ അര്‍ജുന്‍ പറഞ്ഞു.

Content Highlight: Arjun Das explains how he casted in Master

Latest Stories

We use cookies to give you the best possible experience. Learn more