ഒരാഴ്ച്ചയ്ക്കകം ഡി.എന്‍.എ പരിശോധനാ ഫലം ലഭിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ കുടുംബം ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനാഫലം ഇല്ലാതെ തന്നെ മൃതദേഹം സംസ്‌കരിക്കാമെന്നും കാര്‍വാര്‍ എം.എല്‍.എ അറിയിച്ചിട്ടുണ്ട്. പക്ഷെ അസ്വഭാവിക മരണം ആയതിനാല്‍ ഡി.എന്‍.എ പരിശോധന അനിവാര്യമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം അര്‍ജുന്റെ ലോറി പുഴയില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 12 അടി ആഴത്തില്‍ നിന്നാണ് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെടുത്തത്.
മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് കര്‍ണാടക സ്വദേശികളെ കണ്ടെത്താനുള്ള തെരച്ചില്‍ ഇനിയും തുടരുമെന്ന് സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചിട്ടുണ്ട്.
അര്‍ജുനെ കാണാതായി 71 ദിവസങ്ങള്‍ക്ക് ശേഷമാണ് ലോറി കണ്ടെത്തിയത്. കണ്ടെടുത്ത ട്രക്കിന്റെ ക്യാബിന്‍ ലോറിയുടമയായ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഗംഗാവലി പുഴയില്‍ നിന്ന് ലോറി ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുക്കുകയാണ്. ലോറി പുറത്തെത്തിക്കുന്നതില്‍ അനുകൂല കാലാവസ്ഥയും സഹായകമായിട്ടുണ്ട്.
ജൂലൈ 16 (ചൊവ്വാഴ്ച)നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് ട്രക്ക് ഡ്രൈവറായ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായത്. അപകടം നടന്ന ദിവസം തന്നെ ബന്ധുക്കള്‍ കര്‍ണാടക പൊലീസിനെ വിവരം അറിയിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മാത്രമാണ് തെരച്ചില്‍ ആരംഭിച്ചത്.
തെരച്ചില്‍ ആരംഭിച്ച് ഒമ്പതാം ദിവസം ഗംഗാവലി പുഴയില്‍ അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയിരുന്നു. കരയില്‍ നിന്ന് 20 മീറ്റര്‍ അകലെ 15 അടി താഴ്ചയിലാണ് ട്രക്ക് ഉള്ളതെന്നായിരുന്നു നിഗമനം. എന്നാല്‍ ട്രക്ക് പുഴയില്‍ നിന്ന് പുറത്തെടുക്കാനും ട്രക്കിനുള്ളില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒന്നിലധികം തവണയാണ് ഷിരൂരിലെ തിരച്ചില്‍ നിര്‍ത്തിവെച്ചത്. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പേയുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ വിവിധ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.
Content Highlight: Arjun body found inside the lorry in Shirur