Gold Smuggling
അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു; അപകടത്തില്‍ ദുരൂഹതയെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 23, 05:57 am
Friday, 23rd July 2021, 11:27 am

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച കണ്ണീര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.

അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്തായിരുന്നു റമീസ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയ്‌ക്കൊപ്പം തന്നെ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

എന്നാല്‍ റെയ്ഡില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.