| Tuesday, 6th July 2021, 4:33 pm

നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചു; കസ്റ്റംസിനെതിരെ കോടതിയില്‍ അര്‍ജുന്‍ ആയങ്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കസ്റ്റഡിയില്‍ വെച്ച് തന്നെ കസ്റ്റംസ് മര്‍ദ്ദിച്ചെന്ന് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ അര്‍ജുന്‍ ആയങ്കി. നഗ്നനാക്കി നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്നും അര്‍ജുന്‍ കോടതിയില്‍ പറഞ്ഞു.

കസ്റ്റഡിയിലെടുത്ത് രണ്ടാം ദിവസമായിരുന്നു മര്‍ദ്ദനം. അതേസമയം അര്‍ജുന്‍ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ കോടതി തള്ളി.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് അര്‍ജുനെ ഹാജരാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അര്‍ജുന്‍ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ ആവശ്യം.

കരിപ്പുര്‍ സ്വര്‍ണക്കടത്തിന് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയുടേയും ഷാഫിയുടേയും സംരക്ഷണം ലഭിച്ചതായി കോടതിയില്‍ കസ്റ്റംസ് നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പരോളില്‍ പുറത്തുള്ള മുഹമ്മദ് ഷാഫി പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളാണെന്ന് സോഷ്യല്‍ മീഡിയയില്‍ കാണിച്ച് യുവാക്കളെ ആകര്‍ഷിച്ചു.

ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അര്‍ജുന്‍ ആയങ്കി നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു, എന്നാല്‍ ഷാഫി നല്‍കിയ മൊഴി ഇതിന് വിരുദ്ധമാണ്.

കാര്‍ വാങ്ങാനായി ഭാര്യയുടെ അമ്മ പണം നല്‍കിയെന്നാണ് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയത്. എന്നാല്‍ ഇന്നലെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ തന്റെ അമ്മ അങ്ങനെയൊരു പണം നല്‍കിയിട്ടില്ലെന്നാണ് അറിയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Arjun Ayanki Customs Ramanattukara Accident

We use cookies to give you the best possible experience. Learn more