'മഞ്ഞുമ്മല്‍ ബോയ്‌സ് സീന്‍ വേറെയാണ്..' രോമാഞ്ചത്തിലെ പോലെ ഗസ്റ്റ് റോളിലെത്തുമോ? മറുപടിയുമായി അര്‍ജുന്‍ അശോകന്‍
Film News
'മഞ്ഞുമ്മല്‍ ബോയ്‌സ് സീന്‍ വേറെയാണ്..' രോമാഞ്ചത്തിലെ പോലെ ഗസ്റ്റ് റോളിലെത്തുമോ? മറുപടിയുമായി അര്‍ജുന്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th February 2024, 4:47 pm

മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ദീപക് പറമ്പോല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

ഒരുപാട് യുവതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അതേസമയം കഴിഞ്ഞ വര്‍ഷം തിയേറ്ററിലെത്തി വലിയ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു രോമാഞ്ചം. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയായിരുന്നു ഇത്. 2007ല്‍ ബെംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടന്ന കഥയായിരുന്നു ചിത്രം പറഞ്ഞത്.

നവാഗത സംവിധായകന്‍ ജിത്തു മാധവനൊരുക്കിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ക്ക് പുറമെ നിരവധി പുതുമുഖങ്ങളും എത്തിയിരുന്നു. രോമാഞ്ചത്തില്‍ ഒരു അതിഥി വേഷത്തിലായിരുന്നു അര്‍ജുന്‍ അശോകനെത്തിയത്.

ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സില്‍ അത്തരത്തില്‍ ഒരു അതിഥി വേഷം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. തന്റെ പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിനിടയിലാണ് താരം പ്രതികരിച്ചത്.

മഞ്ഞുമ്മല്‍ ബോയ്‌സില്‍ അതിഥി വേഷം ഉണ്ടാകില്ലെന്നും ഉണ്ടെങ്കില്‍ താന്‍ തുറന്ന് പറയില്ലേയെന്നുമായിരുന്നു അര്‍ജുന്‍ അശോകന്‍ പറഞ്ഞത്. ചിത്രത്തെ പറ്റി ചോദിച്ചപ്പോള്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സ് അടിപൊളിയല്ലേ. അത് സീന്‍ വേറെയാണ്’ എന്നുമാണ് താരം പ്രതികരിച്ചത്.

അര്‍ജുന്‍ അശോകന്റെ തിയേറ്ററില്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി നായകനാകുന്ന ചിത്രം ഫെബ്രുവരി 15നാണ് റിലീസിനെത്തുന്നത്.

Content Highlight: Arjun Ashokan Talks About Manjummel Boys