മലയാള സിനിമയിലെ പുതുനിര നായകന്‍മാരില്‍ ശ്രദ്ധേയനാണ് അര്‍ജുന്‍ അശോകന്‍. രോമാഞ്ചം, പ്രണയവിലാസം, തുറമുഖം, സൂപ്പര്‍ ശരണ്യ തുടങ്ങി അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ ശ്രദ്ധിക്കപ്പെട്ട സിനിമകളിലെല്ലാം അര്‍ജുന്‍ അശോകന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. മലയാളത്തിലെ മികച്ച ഹാസ്യതാരങ്ങളിലൊരാളായ ഹരിശ്രീ അശോകന്റെ മകന്‍ എന്ന നിലയിലും അര്‍ജുന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്.
അര്‍ജുന്‍ അടുത്ത കാലത്ത് അഭിനയിച്ച സിനിമകളിലൊക്കെ പ്രണയം ഒരു പ്രധാന പ്ലോട്ടായിരുന്നു. പ്രണയ വിലാസം, സൂപ്പര്‍ ശരണ്യ, ജാന്‍ എ മന്‍, മധുരം, ജൂണ്‍ തുടങ്ങിയ സിനിമകളെല്ലാം അര്‍ജുന്‍ അഭിനയിച്ച പ്രണയം പശ്ചാത്തലമായി വന്ന സിനിമകളാണ്.
എന്നാല്‍ സ്വന്തം ജീവിതത്തിലെ പ്രണയത്തെകുറിച്ചും വിവാഹത്തെ കുറിച്ചും തുറന്നുപറയുകയാണ് അര്‍ജുന്‍ മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലൂടെ. പങ്കാളിയുടെ കുടുംബം ജാതി അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ തങ്ങളേക്കാള്‍ മുകളിലായിരുന്നു എന്നും ‘ഒളിച്ചോടേണ്ടി’ വരുമെന്നാണ് കരുതിയിരുന്നത് എന്നും അര്‍ജുന്‍ പറയുന്നു. പക്ഷെ പങ്കാളിയുടെ അച്ഛന്‍ സമ്മതിച്ചതിനാലും ദൈവം അനുഗ്രഹിച്ചതിനാലും വിവാഹം നടന്നു എന്നും താരം പറഞ്ഞു.
വിവാഹം, പ്രണയം തുടങ്ങിയ കാര്യങ്ങളില്‍ ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരിക്കുമെന്നും, ആരോടും ഇങ്ങനെ തന്നെ ചിന്തിക്കണമെന്ന് നമുക്ക് വാശിപിടിക്കാനാകില്ലെന്നും അര്‍ജുന്‍ പറഞ്ഞു.
‘എന്റെ ചേച്ചിയുടേതും എന്റേതും ലവ് മാര്യേജ് ആയിരുന്നു. എന്റേത് കുറച്ചധികം പ്രശ്‌നങ്ങളുള്ളതായിരുന്നു. ജാതി അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ അവര്‍ കുറച്ച് മുകളിലാണ്. ഒളിച്ചോടേണ്ടി വരും എന്ന ചിന്തയായിരുന്നു അന്നുമുതല്‍ ഉണ്ടായിരുന്നത്. പക്ഷെ ദൈവം സഹായിച്ചത് കൊണ്ടും അവളുടെ അച്ഛന്‍ സമ്മതിച്ചതുകൊണ്ടും അത് നടന്നു. പിന്നെ ഇതൊക്കെ ഓരോരുത്തരുടെ ചിന്താഗതികള്‍ക്കനുസരിച്ചല്ലേ. നമുക്കൊരാളെ ഇങ്ങനെ തന്നെ ചിന്തിക്കണം എന്ന് പറഞ്ഞ് നിര്‍ബന്ധിക്കേണ്ട കാര്യമില്ലല്ലോ. ബ്രെയിന്‍വാഷ് ചെയ്ത് മാറ്റാനും പറ്റില്ല. പതുക്കെ അതൊക്കെ മാറുന്നുണ്ട്. എനിക്ക് ലവ് മാര്യേജ് ഇഷ്ടമല്ല, അല്ലെങ്കില്‍ ലവ് മാര്യേജ് പറ്റില്ല എന്ന് വീട്ടില്‍ നിന്ന് എന്നെ പഠിപ്പിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍ പ്രേമിക്കുക പോലുമില്ലായിരുന്നു. എന്നെ സംബന്ധിച്ച് വീട്ടില്‍ പ്രശ്‌നമില്ല എന്നത് കൊണ്ടാണ് പ്രേമിച്ചതും കല്യാണം കഴിച്ചതുമൊക്കെ. ചേച്ചിയുടേതും ലവ് മാര്യേജ് ആയിരുന്നു. ഞാനാണത് വീട്ടില്‍ അവതരിപ്പിച്ചത്,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു
CONTENT HIHGLIGHTS: Arjun Ashokan talks about love and marriage