സിനിമയിലേക്ക് വരുകയെന്നത് തന്നെ സംബന്ധിച്ച് അത്ര ഈസിയായിരുന്നില്ല എന്ന് പറയുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍. അച്ഛന്‍ സിനിമയിലായത് കൊണ്ട് തന്നെ ഉടനെ സിനിമയില്‍ കയറാമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ വിചാരിച്ചത് പോലെയല്ല സംഭവിച്ചതെന്നും അര്‍ജുന്‍ പറഞ്ഞു.
അച്ഛന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത സമയമായിരുന്നു അതെന്നും തന്റെ മുഖം ആര്‍ക്കും പരിചയമില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് തന്നെ സഹായിച്ചത് സൗബിന്‍ ഷാഹിറാണെന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു.
‘അച്ഛന്‍ പറഞ്ഞാല്‍ മതിയല്ലോ ഉടനെ തന്നെ സിനിമയില്‍ കയറാം എന്നൊരു തോന്നല്‍ എനിക്കും ഉണ്ടായിരുന്നു. പക്ഷെ എനിക്ക് കാര്യങ്ങള്‍ അത്ര ഈസിയായിരുന്നില്ല. ആ സമയത്ത് അച്ഛന്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയൊക്കെ എടുത്തിരുന്നു. അതുപോലെ സിനിമകളൊക്കെ കുറവുമായിരുന്നു.
അതുകൊണ്ട് തന്നെ എനിക്ക് സിനിമയിലേക്ക് വരുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നെ ആ സമയത്തൊന്നും ആരും കണ്ടിട്ട് പോലുമില്ല. ഓഡീഷനില്‍ പോലും പങ്കുടുക്കാത്ത ആള്‍ക്ക് സിനിമയിലേക്ക് വരാന്‍ കുറച്ച് സമയമെടുക്കും. ആ ഒരു സമയത്ത് എന്നെ സഹായിച്ചത് സൗബിക്കയാണ്.
അതേ സൗബിക്ക തന്നെയാണ് എനിക്ക് സിനു എന്ന കഥാപാത്രവും സെറ്റാക്കി തന്നത്. ഷൂട്ട് തുടങ്ങി പകുതിയായപ്പോഴാണ് രോമാഞ്ചത്തില്‍ ഞാന്‍ ജോയിന്‍ ചെയ്യുന്നത്. ഞാന്‍ എന്റെ ഭാര്യയുമായി ദുബായില്‍ നില്‍ക്കുന്ന സമയത്താണ് സൗബിക്ക വിളിച്ചിട്ട് എടാ ഇങ്ങനെയൊരു പരിപാടിയുണ്ട് നീ വരാന്‍ പറയുന്നത്.
ഓക്കെ ഞാന്‍ ജോയിന്‍ ചെയ്യാമെന്ന് പറഞ്ഞു. പിന്നീടാണ് ജിത്തു ചേട്ടന്‍ വിളിച്ച് കഥ പറയുന്നത്. ദുബായില്‍ നിന്നും വന്നയുടനെ ചെന്നൈയിലെ സെറ്റില്‍ ഞാന്‍ ജോയിന്‍ ചെയ്തു. പത്ത് ദിവസം കൊണ്ട് പരിപാടി തീര്‍ന്നു,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
content highlight: arjun ashokan talks about his first movie