സിനിമാ മേഖലയിലെ യുവതാരങ്ങള്‍ക്കെതിരായ വിലക്കില്‍ പ്രതികരണവുമായി നടന്‍ അര്‍ജുന്‍ അശോകന്‍. എല്ലാത്തിനും രണ്ട് ഭാഗങ്ങളുണ്ടെന്നും രണ്ടും കേട്ടതിന് ശേഷമേ വിധി പറയാവൂ എന്നും അര്‍ജുന്‍ പ്രതികരിച്ചു. ശ്രീനാഥ് ഭാസിയെ കുറ്റം പറഞ്ഞ ആള്‍ പണ്ട് തന്റെ അച്ഛനെ സിനിമയില്‍ നിന്നും ഒഴിവാക്കിയ കാര്യം വിളിച്ച് പറയാനുള്ള മര്യാദ പോലും കാണിച്ചിട്ടില്ലെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനാഥ് പറഞ്ഞു.
‘എല്ലാത്തിനും രണ്ട് ഭാഗങ്ങളുണ്ടല്ലോ. ഒരു ഭാഗം മാത്രം കേള്‍ക്കാതെ രണ്ട് ഭാഗവും കേള്‍ക്കുക. എന്നിട്ട് ജഡ്ജ് ചെയ്യുക. ഒരു ഇന്റര്‍വ്യൂവില്‍ ഭാസിയെ പറ്റി ഭയങ്കര മോശമായി ഒരാള്‍ സംസാരിച്ചു. ആരാണെന്ന് ഞാന്‍ പറയുന്നില്ല. അദ്ദേഹത്തില്‍ നിന്നും എന്റെ അച്ഛന് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.
ഒരു ദിവസം വീട്ടില്‍ വന്ന് ഷൂട്ടിങ് ലോക്കേഷനിലേക്ക് പിക് ചെയ്തുകൊണ്ട് പോയി. ഒരു ദിവസം ഷൂട്ട് ചെയ്തു. പിന്നീട് അതിനെ പറ്റി ഒരു അറിവുമില്ല. പിന്നെ ആ പടം പാക്കപ്പ് ആയി എന്നാണ് അറിയുന്നത്. ആ പടത്തില്‍ വേറെ ആളെ വെച്ച് അഭിനയിപ്പിച്ചു. വിളിച്ച് പറയാനുള്ള മര്യാദ പോലും പുള്ളിക്കാരന്‍ കാണിച്ചില്ല.
അങ്ങനെയുള്ള ഒരാള്‍ വേറെ ആളെ പറ്റി കുറ്റം പറയുമ്പോള്‍ എന്താണ് പറയേണ്ടത്. എനിക്ക് അത് കണ്ടിട്ട് ഭയങ്കര ചിരിയാണ് വന്നത്. പുള്ളി ഒരാളെ പറ്റി കുറ്റം മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതിന്റെ ബാക്കി സൈഡും കൂടി അറിയണം.
പിന്നെ ഓരോ ആള്‍ക്കാര്‍ക്കും ഓരോ രീതിയാണ്. അത് ശരിയാക്കാന്‍ നടന്നിട്ട് കാര്യമില്ല. നമ്മള്‍ നമ്മുടെ കാര്യം നോക്കുക. നമ്മുക്ക് ശരിയായിട്ട് നിക്കാം. തെറ്റ് ചെയ്താല്‍ എവിടെ നിന്നെങ്കിലും കറങ്ങി തിരിഞ്ഞ് കിട്ടിക്കോളും,’ അര്‍ജുന്‍ പറഞ്ഞു.
ത്രിശങ്കുവാണ് റിലീസിന് ഒരുങ്ങുന്ന താരത്തിന്റെ പുതിയ ചിത്രം. അച്ഛ്യുത് വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്ന ബെന്നാണ് നായിക. മെയ് 26 ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
Content Highlight: arjun ashokan talks about harisree ashokan and sreenadh bhasi