മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍. ജിത്തു മാധവന്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചം എന്ന ചിത്രത്തിലെ നടന്റെ സിനു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സൈക്കോ സ്വഭാവമുള്ള കഥാപാത്രമായിരുന്നു സിനുവിന്റേത്.
ഇപ്പോള്‍ അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്ന് സ്വന്തം പുണ്യാളന്‍. മഹേഷ് മധു സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ത്രില്ലര്‍ ചിത്രമാണ് ഇത്. ഈ സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ രോമാഞ്ചം പോലെ തോന്നരുതെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘എനിക്ക് ഫാന്റസി പരിപാടി വലിയ ഇഷ്ടമാണ്. സിനിമയുടെ പോസ്റ്റര്‍ കണ്ടാല്‍ തന്നെ ഫാന്റസിയാണെന്ന് മനസിലാകുമല്ലോ. പോസ്റ്ററില്‍ പറക്കുന്ന കാറൊക്കെ കാണാം. എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള ഒരു ഴോണറായിരുന്നു ഫാന്റസി.
അത്തരം ഒരു സബ്‌ജെക്ട് വന്നത് കൊണ്ട് തന്നെയാണ് എന്ന് നിന്റെ പുണ്യാളന്‍ വന്നപ്പോള്‍ ചെയ്യാമെന്ന തീരുമാനത്തില്‍ ഞാന്‍ എത്തിയത്. കഥാപാത്രം നോക്കിയാലും വളരെ മികച്ചത് തന്നെയാണ്. പക്ഷെ കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു.
അതായത് രോമാഞ്ചം പോലെ തോന്നരുത് എന്നാണ് ഞാന്‍ പറഞ്ഞത്. എന്നെ ആസ്ഥാന സൈക്കോ ആക്കി മാറ്റരുതെന്നും പറഞ്ഞു. കാരണം സൈക്കോയായിട്ട് അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് ഇത്. ഒരു പടം കൂടെ ഇനി വരാനുണ്ട്.
ഇങ്ങനെയാണെങ്കില്‍ മികച്ച സൈക്കോയ്ക്ക് ഉള്ള സൈമ അവാര്‍ഡ് എനിക്ക് തന്നെ കിട്ടും. അതിന് രോമാഞ്ചം പോലെ തോന്നില്ല എന്നായിരുന്നു എല്ലാവരും പറഞ്ഞത്. പക്ഷെ അവസാനം അതൊക്കെ പോലെ തന്നെയായിട്ടുണ്ട്. അതുകൊണ്ട് കുഴപ്പമില്ല,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
Content Highlight: Arjun Ashokan Talks About Ennu Swantham Punyalan Movie And Romancham