മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അര്‍ജുന്‍ അശോകന്‍. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഭ്രമയുഗം എന്ന ബ്ലാക്ക് ഏന്‍ഡ് വൈറ്റ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം വളരെ മികച്ച പ്രകടനമായിരുന്നു അര്‍ജുന്‍ നടത്തിയത്.
ഭ്രമയുഗം ഇറങ്ങിയതിന് പിന്നാലെ നടന്‍ ഏറെ പ്രശംസകളും നേടിയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളായെന്നും പക്ഷെ ഭ്രമയുഗം കഴിഞ്ഞപ്പോഴാണ് ആദ്യമായിട്ട് തന്നെ അഭിനന്ദിക്കാന്‍ ആളുകള്‍ വിളിക്കുന്നതെന്നും പറയുകയാണ് അര്‍ജുന്‍ അശോകന്‍.
ആ സിനിമ കണ്ട് ആദ്യം വിളിച്ചത് നടന്‍ സൗബിന്‍ ഷാഹിര്‍ ആയിരുന്നെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ എന്ന് സ്വന്തം പുണ്യാളന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍ അശോകന്‍.
‘സിനിമ ചെയ്യാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളായി. പക്ഷെ ഭ്രമയുഗം കഴിഞ്ഞപ്പോഴാണ് ആദ്യമായിട്ട് എന്നെ അപ്രിഷിയേറ്റ് ചെയ്യാനായി ആളുകള്‍ വിളിക്കുന്നത്. ഫഹദിക്ക വരെയും എനിക്ക് നേരിട്ട് മെസേജ് അയച്ചു. അങ്ങനെയുള്ള റെസ്‌പോണ്‍സ് മുമ്പ് കിട്ടിയിരുന്നില്ല.
എന്നെ അത്രനാള്‍ ആകെ വിളിച്ചിരുന്നത് ഗണുവും (ഗണപതി) ബാലുവും (ബാലു വര്‍ഗീസ്) ആസിഫിക്കയും സൗബിക്കയുമൊക്കെയാണ്. ഭ്രമയുഗം കണ്ടിട്ട് ആദ്യം എന്നെ വിളിക്കുന്നത് സൗബിക്കയായിരുന്നു. പിന്നാലെ ഗണുവും ബാലുവും വിളിച്ചു. പിന്നെ നോക്കുമ്പോള്‍ എല്ലാവരും മെസേജും കോളും ചെയ്യുന്നു.
അപ്പോള്‍ ഈ പരിപാടി കൊള്ളാമല്ലോയെന്നാണ് തോന്നിയത്. ഇങ്ങനെയൊരു റെസ്‌പോണ്‍സ് പ്രതീക്ഷിച്ചിരുന്നില്ലേയെന്ന് ചോദിച്ചാല്‍, പ്രതീക്ഷിച്ചില്ല എന്നല്ല ഞാന്‍ പറയുന്നത്. രോമാഞ്ചം സിനിമക്ക് ശേഷം അപ്രീസിയേഷന്‍ കിട്ടിയിരുന്നെങ്കിലും ആരും അങ്ങനെ വിളിച്ചിരുന്നില്ല.
രോമാഞ്ചത്തിന്റെ സമയത്ത് പലരും മെസേജ് അയക്കുകയാണ് ചെയ്തത്. ഭ്രമയുഗത്തിന് ശേഷം നല്ല ഒരുപാട് റിവ്യൂസ് കണ്ടു. ഫഹദിക്കയുടെ മെസേജ് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. ടൊവി ബ്രോ വിളിച്ചിരുന്നു. അങ്ങനെ കുറേപേര്‍ വിളിച്ചു,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
CONTENT HIGHLIGHT: Arjun Ashokan Talks About Bramayugam Movie And Soubin Shahir