കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമകളിലൊന്നായിരുന്നു ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത് മമ്മൂട്ടിയായിരുന്നു. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രം കേരളത്തിന് പുറത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വെറും അഞ്ച് കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമയില്‍ കൊടുമണ്‍ പോറ്റിയായി എത്തിയ മമ്മൂട്ടിയുടെ പ്രകടനത്തെയും പലരും പ്രശംസിച്ചിരുന്നു. തേവന്‍ എന്ന കഥാപാത്രമായെത്തിയത് അര്‍ജുന്‍ അശോകനായിരുന്നു.
ഭ്രമയുഗം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്‍. ഭ്രമയുഗത്തിന്റെ കഥ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പാലക്കാട് നടന്ന ഒരു സിനിമയുടെ ലൊക്കേഷനില്‍ വന്നാണ് പറഞ്ഞെന്ന് അര്‍ജുന്‍ അശോകന്‍ പറയുന്നു. കഥ ഇഷ്ടപ്പെട്ടെങ്കിലും അവര്‍ എങ്ങനെയെടുക്കുമെന്നായിരുന്നു തന്റെ ചിന്തയെന്നും രാഹുല്‍ മമ്മൂട്ടിയുടെ ലുക്ക് സ്‌കെച് കാണിച്ച് തന്നപ്പോള്‍ ഓക്കേ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭ്രമയുഗം കളറില്‍ കാണാന്‍ കഴിഞ്ഞു എന്നതാണ് തങ്ങള്‍ക്കുണ്ടായ വലിയ ഭാഗ്യമെന്നും തമാശരൂപത്തില്‍ അര്‍ജുന്‍ പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍ അശോകന്‍.
‘ഒറ്റ എന്ന സിനിമയുടെ ഷൂട്ട് പാലക്കാട് വെച്ച് നടന്നുകൊണ്ടിരിക്കുമ്പോള്‍ അവിടെ വന്നാണ് രാഹുല്‍ ഏട്ടന്‍ എന്റെ അടുത്ത് ഭ്രമയുഗത്തിന്റെ കഥപറഞ്ഞത്. കഥയെല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ എങ്ങനെയാണ് ഇവരിത് എടുക്കുക എന്ന ചിന്തയായിരുന്നു എനിക്ക്. കാരണം ഭൂതകാലം എന്ന ഒരൊറ്റ സിനിമ കണ്ടാല്‍ മാത്രം മതി രാഹുലേട്ടന്റെ റേഞ്ച് മനസിലാക്കാന്‍. ഗംഭീര മേക്കറാണ്.
ഭ്രമയുഗം എങ്ങനെ വാക്കുകൊണ്ട് പറഞ്ഞ് കണ്‍വെ ചെയ്യാന്‍ കഴിയുമെന്ന് അറിയില്ല. അത് വിഷ്വലി കഥ പറഞ്ഞു പോകുന്നൊരു സിനിമയാണ്. അപ്പോള്‍ എനിക്ക് രാഹുല്‍ ഏട്ടന്‍ സിനിമയിലെ മമ്മൂക്കയുടെ ലുക്ക് കാണിച്ച് തന്നു. അതില്‍ ഞാന്‍ ഫ്‌ലാറ്റ് ആയി വീണ് അപ്പോള്‍ തന്നെ സിനിമക്ക് ഒക്കെ പറഞ്ഞു.
ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്ന് വെച്ചാല്‍ ആ സിനിമ ഞങ്ങള്‍ക്ക് കളറില്‍ കാണാന്‍ പറ്റി. ഷൂട്ട് ചെയ്യുമ്പോള്‍ എന്തായാലും അങ്ങനെ ആയിരിക്കുമല്ലോ (ചിരി). നമ്മള്‍ സ്‌ക്രിപ്റ്റ് വായിച്ച് മനസില്‍ ഒന്ന് കാണുമല്ലോ, അതെല്ലാം അപ്പാടെ പൊളിച്ചടുക്കുന്നതാണ് മമ്മൂക്കയുടെ പെര്‍ഫോമന്‍സ്,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.
Content highlight: Arjun Ashokan talks about Bramayugam movie