ഭ്രമയുഗം; ഷൂട്ടിങ്ങ് നടക്കുമ്പോള്‍ കളര്‍ പടമായിരുന്നെങ്കിലെന്ന് തോന്നിപ്പോയി: അര്‍ജുന്‍ അശോകന്‍
Film News
ഭ്രമയുഗം; ഷൂട്ടിങ്ങ് നടക്കുമ്പോള്‍ കളര്‍ പടമായിരുന്നെങ്കിലെന്ന് തോന്നിപ്പോയി: അര്‍ജുന്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th February 2024, 10:21 am

തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാകുന്ന താരമാണ് മമ്മൂട്ടി. അഭിനയിക്കുന്ന പരീക്ഷണ ചിത്രങ്ങളിലൂടെ ഏറെ പ്രശംസ നേടാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം.

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ടായിരുന്നു. രാഹുലിന്റെ അടുത്ത സിനിമ വരുന്നുവെന്ന പ്രഖ്യാപനം വന്നത് മുതല്‍ തന്നെ സിനിമാ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു.

ഭ്രമയുഗത്തില്‍ മമ്മൂട്ടിക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ഇപ്പോള്‍ റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും.

ചിത്രത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ എന്തുകൊണ്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റെന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഡയറക്ടര്‍ എന്തായാലും വെറുതെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടം ചെയ്യില്ലല്ലോ എന്നായിരുന്നു അര്‍ജുന്‍ അശോകന്‍ പറഞ്ഞത്.

സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് ഇത് കളറാണെങ്കിലോ എന്ന് തോന്നിപോകുമെന്ന് പറയുന്ന താരം എങ്കിലും ഈ സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തന്നെയാണ് നല്ലതെന്നും പറഞ്ഞു.

‘ഡയറക്ടര്‍ എന്തായാലും വെറുതെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടം ചെയ്യില്ലല്ലോ. പിന്നെ ഷൂട്ട് നടക്കുന്ന സമയത്ത് നമുക്ക് ഇത് കളര്‍ ആണെങ്കിലോ എന്ന് തോന്നിപ്പോകും. അങ്ങനെ ആലോചിച്ചെങ്കിലും ബ്ലാക്ക് ആന്‍ഡ് വൈറ്റ് തന്നെയാണ് നല്ലത്. അതാണ് അതിന്റെ മൂഡ്,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

തങ്ങളുടെ അടുത്ത് ആദ്യം സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റാണെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റെന്ന് ചോദിച്ചിരുന്നുവെന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നത്. അതിന് മറുപടിയായി അതിന്റേതായ കാരണങ്ങള്‍ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു തന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മളുടെ അടുത്ത് ആദ്യം ഈ കാര്യം പറയുമ്പോള്‍ തീര്‍ച്ചയായും എന്തുകൊണ്ടാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന് ചോദിക്കുമല്ലോ. അതിന് മറുപടിയായി അതിന്റേതായ കാരണങ്ങള്‍ സംവിധായകന്‍ പറഞ്ഞു തന്നു. സിനിമ പറയുന്നത് ഒരു പ്രത്യേക കാലഘട്ടത്തിലേതാണ്.

പിന്നെ ഹൊറര്‍ ഴോണറിലുള്ള സിനിമയാണ്. അങ്ങനെ വരുമ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കൂടുതല്‍ എഫക്റ്റീവാകും എന്ന് തോന്നിയെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ നമ്മള്‍ അതിനെ പറ്റി ചോദിച്ചിട്ടില്ല,’ സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു.


Content Highlight: Arjun Ashokan Talks About Bramayugam Black And White Movie