മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ് അര്‍ജുന്‍ അശോകന്‍. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് പെട്ടെന്ന് തന്നെ ശ്രദ്ധേയനാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ഒരു സിനിമയില്‍ അഭിനയിച്ചാല്‍ അടുത്ത സിനിമയിലെ കഥാപാത്രം മുമ്പ് ചെയ്ത കഥാപാത്രത്തില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ശ്രമിക്കാറുണ്ടെന്ന് പറയുകയാണ് അര്‍ജുന്‍.
ഭ്രമയുഗത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തനിക്ക് ശരിയാണെന്ന് തോന്നുന്ന സിനിമയാണ് തെരഞ്ഞെടുക്കുന്നതെന്നും ചിലപ്പോള്‍ അങ്ങനെ ശരിയെന്ന് തോന്നുന്നത് പ്രേക്ഷകര്‍ക്ക് വര്‍ക്കായെന്ന് വരില്ലെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
‘ഒരു പടം കഴിഞ്ഞാല്‍ അടുത്തത് മുമ്പ് ചെയ്ത കഥാപാത്രത്തില്‍ നിന്ന് വ്യത്യസ്തമായത് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ഹീറോ ആകാന്‍ ചാന്‍സ് കിട്ടിയാല്‍ ഹീറോയാകും. ക്യാരക്ടര്‍ റോള്‍ ആണെങ്കില്‍ അത് ചെയ്യും.
എനിക്ക് ശരിയാണ് എന്ന് തോന്നുന്ന സിനിമയാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. ചിലപ്പോള്‍ എനിക്ക് ശരിയെന്ന് തോന്നുന്നത് പ്രേക്ഷകര്‍ക്ക് വര്‍ക്കായെന്ന് വരില്ല. അങ്ങനെ ചില പടങ്ങളുണ്ട്. അതുപിന്നെ അടുത്ത പടത്തില്‍ ഇംപ്രൂവ് ചെയ്യാന്‍ നോക്കും.
മിക്ക പടത്തിലും അഭിനയിക്കുമ്പോള്‍ പുതുതായി എന്തെങ്കിലുമൊക്കെ പഠിക്കും. ചില കാര്യങ്ങള്‍ നമ്മള്‍ നോട്ട് ചെയ്ത് വെച്ചിട്ട് പിന്നീട് എപ്പോഴെങ്കിലും ആ കഥാപാത്രത്തോട് സാമ്യമുള്ളത് വന്നാല്‍ ചെയ്യും.
അജഗജാന്തരം സിനിമയില്‍ ശ്രദ്ധിച്ചാല്‍ മനസിലാകും, അതില്‍ നടന്നു വരുന്ന ഒരു സ്ലോ മോഷന്‍ സീക്വന്‍സുണ്ട്. ആളുകള്‍ക്കിടയില്‍ വെച്ച് ആനയുടെ മുന്നിലേക്ക് നടക്കുന്നത്. അതില്‍ അതുവരെ മുറുക്കാത്ത എന്റെ കഥാപാത്രം മുറുക്കുന്നത് കാണാം.
നടന്നു പോകുന്ന സീനില്‍ ‘ചേട്ടാ നടന്നു പോകുമ്പോള്‍ ഞാന്‍ മുറുക്കട്ടെ’യെന്ന് ടിനു ചേട്ടനോട് (ടിനു പാപ്പച്ചന്‍) ചോദിക്കുകയായിരുന്നു. ടിനു ചേട്ടന്‍ നീ ചെയ്‌തോടാ എന്ന് പറഞ്ഞു.
ആ പോയിന്റില്‍ തോന്നിയ കാര്യം ചെയ്തപ്പോള്‍ സീന്‍ നല്ല രസമുണ്ടായിരുന്നു. നമുക്ക് ഉള്ളില്‍ ചില തോന്നലുകള്‍ ഉണ്ടാകുമല്ലോ. അത് ഡയറക്ടര്‍ ആക്‌സെപ്റ്റ് ചെയ്യുമ്പോള്‍ ചെയ്യുന്നുവെന്നേയുള്ളൂ,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
Content Highlight: Arjun Ashokan Talks About Ajagajantharam Movie