ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം.
മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം മലയാളത്തിലെ ഒരു മികച്ച പരീക്ഷണ ചിത്രം കൂടിയാണ്. പൂർണമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ.
അർജുൻ അശോകന്റെ തേവൻ എന്ന കഥാപാത്രത്തിനാണ് ചിത്രത്തിൽ ഏറ്റവും സ്ക്രീൻ ടൈം ഉള്ളത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ഭ്രമയുഗത്തിലേത്. ഒരു സിനിമയിൽ അഭിനയിച്ചതിന് ശേഷം ഫോൺ കോളുകൾ വരുന്നത് ആദ്യമായിട്ടാണെന്ന് അർജുൻ പറയുന്നു.
എല്ലാവരും വിളിക്കുമ്പോൾ സ്റ്റേറ്റ് അവാർഡ് കിട്ടിയ പോലെയാണ് തനിക്ക് തോന്നുന്നതെന്നും സിനിമയിൽ നിന്ന് കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബേസിൽ ജോസഫ് തുടങ്ങിയവർ വിളിച്ചെന്നും ഇതെല്ലാം ഒരു നല്ല അനുഭവമാണെന്നും അർജുൻ പറയുന്നു.
‘ഒരു സിനിമ ചെയ്തിട്ട് എനിക്ക് ഫോൺ കോൾ വരുന്നത് ആദ്യമായിട്ടാണ്. ഇതുവരെയും കമ്പനിക്കാര് പോലും വിളിക്കാറില്ലായിരുന്നു. വല്ലപ്പോഴും മെസേജ് ഒക്കെ അയക്കുമായിരുന്നു. പക്ഷെ ഭ്രമയുഗം ഇറങ്ങിയതിന് ശേഷം സ്റ്റേറ്റ് അവാർഡ് കിട്ടിയ പോലെയാണ്.
അവിടുന്നും ഇവിടുന്നുമൊക്കെ ഫോൺ വരുകയാണ്. ട്രെയ്ലർ റിലീസ് ആയപ്പോൾ തൊട്ട് ഫോൺ വരുന്നുണ്ട്. എനിക്ക് മാത്രമല്ല സിദ്ധാർത്ഥ് ചേട്ടനും. എന്നിട്ട് ഞാൻ അത് പറയുകയും ചെയ്തു, ചേട്ടാ എത്രപേരാണ് വിളിക്കുന്നതെന്ന്. വൻ അടിപൊളി അനുഭവമായിരുന്നു അത്. ഇതുവരെ കിട്ടാത്ത രീതിയിലുള്ള എക്സ്പീരിയൻസ്.
കുറേപേർ വിളിച്ചു. ചാക്കോച്ചൻ വിളിച്ചു, ജയേട്ടൻ വിളിച്ചു ഫഹദ്ക്ക മെസേജ് അയച്ചു. അങ്ങനെ കുറേ നല്ല കാര്യങ്ങൾ ഉണ്ടായി. ബേസിലേട്ടൻ വിളിച്ചു, ജീത്തു സാർ ടാഗ് ചെയ്തു. ഇതൊക്കെ ഒരു അവാർഡ് കിട്ടിയ പോലെയായിരുന്നു.
എന്നെയല്ല സിനിമയിൽ കണ്ടത് എന്ന് പറയുമ്പോൾ തന്നെ വലിയൊരു കാര്യമാണത്. ബാക്കിയെല്ലാ പടത്തിലും എന്നെ ഏതെങ്കിലും വിധത്തിൽ കാണാൻ പറ്റും. പക്ഷെ എന്നെ ഇതിൽ അങ്ങനെയല്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ ഹാപ്പിയായി,’ അർജുൻ അശോകൻ പറയുന്നു.
Content Highlight: Arjun Ashokan Talk About His Life After Bramayugam