ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം.
മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം മലയാളത്തിലെ ഒരു മികച്ച പരീക്ഷണ ചിത്രം കൂടിയാണ്. പൂർണമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ.
ചിത്രത്തിലെ അർജുൻ അശോകൻ ചെയ്ത വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാൽ പിന്നീട് അത് അർജുനിലേക്ക് പോവുകയായിരുന്നു. എന്നാൽ താൻ ഇതിനെ കുറിച്ച് ആസിഫ് അലിയോട് സംസാരിച്ചിരുന്നു എന്നാണ് അർജുൻ അശോകൻ പറയുന്നത്.
സംവിധായാകൻ തന്നെ വിളിച്ച് സിനിമയുടെ കാര്യം പറഞ്ഞപ്പോൾ താനത് ആസിഫ് അലിയോട് പറഞ്ഞിരുന്നുവെന്നും അന്ന് ആ കഥാപത്രമാവാൻ ആസിഫ് അലിയെ വിളിച്ച കാര്യം തനിക്കറിയില്ലായിരുന്നുവെന്നും അർജുൻ പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘ഭ്രമയുഗത്തിൽ നിന്ന് ആദ്യത്തെ വിളി വന്നപ്പോൾ തന്നെ ഞാൻ ആസിഫിക്കയോട് പറഞ്ഞത്, ആസിഫിക്ക ഭൂതകാലത്തിന്റെ സംവിധായകൻ വിളിച്ചിട്ടുണ്ട് മീറ്റ് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ടെന്ന്. അപ്പോൾ ആസിഫിക്ക പറഞ്ഞു, ആ ഞാൻ കേട്ട കഥയാണ് നീ കേട്ട് നോക്ക് പൊളി പരിപാടിയാണ്. എനിക്കറിയില്ലായിരുന്നു അത് ആസിഫിക്കയ്ക്ക് വന്ന കഥയാണെന്ന്.
പിന്നീട് പടം ഇറങ്ങുന്നതിന് മുമ്പ് ഞാൻ ഇക്കയെ പോയി കണ്ടു. ചിത്രത്തിന്റ ട്രെയ്ലർ ഒക്കെ ഇറങ്ങിയതിന് ശേഷം. ഇക്കയ്ക്ക് നല്ല അഭിമാനമൊക്കെ തോന്നി. എന്നോട് കുറേ സംസാരിച്ചു. എനിക്ക് നല്ല സന്തോഷമായി,’അർജുൻ അശോകൻ പറയുന്നു.
ആസിഫ് അലി ചെയ്താലും അർജുൻ അശോകൻ ചെയ്താലും ആ കഥാപാത്രം മികച്ചതാവുമെന്ന് സംവിധായകൻ രാഹുൽ സദാശിവനും പറഞ്ഞു.
‘ആ കഥാപാത്രം അങ്ങനെയാണ്. അവരിൽ രണ്ടുപേരിൽ ആർക്ക് കിട്ടിയാലും അവർ നന്നായി ചെയ്യും. കാരണം രണ്ട് പേരും നല്ല എക്സ്ട്രാ ഓർഡിനറി അഭിനേതാക്കളാണ്. ആ കണ്ണ് രണ്ട് പേർക്കും ഉണ്ടല്ലോ. ആ വ്യത്യസ്തത ഇരുവർക്കുമുണ്ട്,’രാഹുൽ സദാശിവൻ പറയുന്നു
Content Highlight: Arjun Ashokan Talk About Asif Ali And Bramayugam