| Friday, 25th February 2022, 12:22 pm

ഹോമില്‍ ശ്രീനാഥ് ഭാസി ചെയ്ത വേഷം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു, പക്ഷെ എന്നേക്കാള്‍ നല്ലത് ഭാസി തന്നെയായിരുന്നു: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ഹരിശ്രീ അശോകന്റെ മകന്‍ എന്നതിലുപരി സിനിമയില്‍ വന്ന നാള്‍ മുതല്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ചൊരു താരമാണ് അര്‍ജുന്‍ അശോകന്‍. തുടക്ക കാലത്ത് സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചില്ലെങ്കിലും ചെയ്യുന്ന ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാന്‍ താരത്തിനായിട്ടുണ്ട്. ആരാധകരുടെ കാര്യത്തിലും താരത്തിന് ഒട്ടും കുറവില്ല.

ഓര്‍ക്കൂട്ട് എന്ന ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന അര്‍ജുന്‍ അശോകന്‍ പറവയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോഴിതാ സിനിമ വിശേഷങ്ങളും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം. ക്ലബ് എഫിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ താനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് പറയുകയാണ് അര്‍ജുന്‍.

‘ഹോമില്‍ ആദ്യം എന്നെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. പിന്നെ ഡേറ്റിന്റെ പ്രശ്‌നം കൊണ്ട് ചെയ്യാന്‍ സാധിച്ചില്ല. പക്ഷെ ആ സിനിമയില്‍ എന്നെക്കാളും നല്ലത് ഭാസി തന്നെയാണ്. ഭാസി ആ സിനിമയില്‍ കറക്റ്റാണ്,’ താരം പറയുന്നു.

തമിഴ് തെലുങ്ക് സിനിമകളില്‍ നിന്നൊന്നും തനിക്ക് അവസരം തരാമെന്ന് പറഞ്ഞ് ആരും വിളിക്കുന്നില്ലെന്നും നല്ല കഥാപാത്രങ്ങള്‍ ഏത് ഭാഷയില്‍ നിന്ന് കിട്ടിയാലും ചെയ്യുമെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ വന്ന സമയത്തൊക്കെ അച്ഛനോട് സംസാരിച്ചതിന് ശേഷമാണ് പ്രൊജക്റ്റ് കമ്മിറ്റ് ചെയ്യാറുള്ളതെന്നും താരം പറയുന്നു.

‘സിനിമയില്‍ വന്ന സമയത്ത് അച്ഛനോട് ഡിസ്‌കസ് ചെയ്യുമായിരുന്നു. ഇപ്പോഴാണ് കൂടുതല്‍ സ്‌ക്രിപ്റ്റുകളൊക്കെ വന്ന് തുടങ്ങിയത്. ഇപ്പോള്‍ ഞാന്‍ തന്നെയാണ് തീരുമാനമെടുക്കാറുള്ളത്. ഒരു തെറ്റ് പറ്റുമ്പോഴല്ലേ എല്ലാം പഠിക്കാന്‍ പറ്റൂ,’ അര്‍ജുന്‍ പറഞ്ഞു.

താന്‍ അഭിനയിക്കുന്ന സിനിമകളെ കുറിച്ചും തന്റെ അഭിനയത്തെ കുറിച്ചുമെല്ലാം അച്ഛന്‍ സംസാരിക്കാറുണ്ടെന്ന് അര്‍ജുന്‍ പറയുന്നു.

‘ചില സീനൊക്കെ കാണുമ്പോള്‍ എടാ നീ കുറച്ചുകൂടി നന്നായിട്ട് ചെയ്യണമായിരുന്നു, മിസ്‌റ്റേക്കുകളുണ്ട്, അതെല്ലാം പറയും. അച്ഛന്‍ ഏറ്റവും ഇമോഷണലായി കണ്ട സിനിമ ബി ടെക് ആണ്. അച്ഛന്‍ സിനിമ കാണാന്‍ കയറിയ തിയേറ്ററില്‍ എന്റെ സുഹൃത്തുമുണ്ടായിരുന്നു, ഞാന്‍ ബോംബ് പൊട്ടി മരിച്ചപ്പോള്‍ അച്ഛന്‍ മുഖത്ത് കൈവെച്ചു, അത് പിന്നെ കുറേ നേരം കഴിഞ്ഞാണ് എടുത്തതെന്ന് അവന്‍ എന്നോട് പറഞ്ഞു,’ താരം കൂട്ടിച്ചേര്‍ത്തു.

മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ് എന്ന ചിത്രമാണ് അര്‍ജുന്‍ അശോകന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

ബോബന്‍&മോളി എന്റര്‍റ്റൈന്‍മെന്സിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ്.

ചെമ്പന്‍ വിനോദ് ,ശബരീഷ് വര്‍മ്മ ജോണി ആന്റണി, സാബുമോന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, ഗായത്രി അശോക് എന്നിവരും എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Content Highlights: Arjun Ashokan speaks about Sreenath Bhasi’s role in Home Movie

Latest Stories

We use cookies to give you the best possible experience. Learn more