മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ ഇതൊക്കെ നമ്മളെക്കൊണ്ട് കഴിയുമോയെന്നാണ് ചോദിച്ചത്: അർജുൻ അശോകൻ
Film News
മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ ഇതൊക്കെ നമ്മളെക്കൊണ്ട് കഴിയുമോയെന്നാണ് ചോദിച്ചത്: അർജുൻ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th February 2024, 5:52 pm

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരെ മുൾമുനയിൽ നിർത്തിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകനും സിദ്ധാർഥ് ഭരതനും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ അർജുൻ അശോകൻ തേവനായിയും സിദ്ധാർത്ഥ് ഭരതൻ വെപ്പുകാരനായിയും കട്ടയ്ക്ക് തന്നെ പിടിച്ച് നിൽക്കുന്നുമുണ്ട്.

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു അർജുൻ അശോകന്റെ മറുപടി. ആദ്യത്തെ മൂന്നാല് ദിവസം താൻ സിദ്ധാർഥിനോട് അങ്ങോട്ടും ഇങ്ങോട്ടും ടെൻഷനെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നെന്നും ഇത് തങ്ങളെകൊണ്ട് പറ്റുമോയെന്ന് ചോദിച്ചെന്നും അർജുൻ പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘തീർച്ചയായും നല്ല ടെൻഷൻ ഉണ്ടായിരുന്നു. ആദ്യത്തെ മൂന്നാല് ദിവസം ഞങ്ങൾ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും നല്ല ടെൻഷൻ ഉണ്ട്, എന്ത് ചെയ്യും, നമ്മളെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു. അഞ്ചാമത്തെ ദിവസമായപ്പോൾ സിദ്ധാർഥ് ഏട്ടൻ എന്റെ അടുത്ത് വന്നിട്ട് ഇപ്പോൾ ടെൻഷനില്ല, നല്ല സുഖം എന്തുപറ്റി എന്ന് ചോദിച്ചു.

അപ്പോൾ ഞാൻ പറഞ്ഞു അത് നമുക്ക് യൂസ്ഡ് ആയതാവും, ചെയ്ത് ചെയ്ത് പഠിച്ചത് കൊണ്ടാവും. അതുപോലെ രാഹുലേട്ടനും എല്ലാവരും എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരുമല്ലോ. പറഞ്ഞു ചെയ്തുകൊണ്ടിരിക്കുമ്പോൾ മൂന്നാല് ദിവസം കഴിയുമ്പോൾ എന്താണ് ചെയ്യേണ്ടത്, ഏത് മീറ്ററിലാണെന്ന് മനസിലാവുമല്ലോ,’ അർജുൻ അശോകൻ പറഞ്ഞു.

17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സംഭാഷണങ്ങളെഴുതുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: Arjun ashokan shares acting  experience with mammootty