Entertainment
'മമ്മൂക്ക എന്നെ സജസ്റ്റ് ചെയ്തിട്ടും ആ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയില്ല': അര്‍ജുന്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 20, 05:32 am
Tuesday, 20th February 2024, 11:02 am

2012ല്‍ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് അര്‍ജുന്‍ അശോകന്‍. നടന്‍ ഹരിശ്രീ അശോകന്റെ മകനാണ് അര്‍ജുന്‍. 2017ല്‍ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന സിനിമയാണ് താരത്തെ ശ്രദ്ധേയനാക്കിയത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തു. മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തിയ ഭ്രമയുഗമാണ് അര്‍ജുന്റെ പുതിയ ചിത്രം. സിനിമയിലെ അര്‍ജുന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങുന്ന സിനിമയെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.

രണ്ടാം തവണയാണ് അര്‍ജുന്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത്. 2019ല്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഉണ്ട എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് താരം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ അനുഭവം പങ്കുവെച്ചത്.

‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ മെമ്പറായിരുന്നു. സിനിമയിലെത്തിയ ശേഷം ഏറ്റവും വലിയ ആഗ്രഹം മമ്മൂക്കയുടെ കൂടെ അഭിനയിക്കാനായിരുന്നു. പറവയ്ക്ക് ശേഷം മാസ്റ്റര്‍പീസില്‍ അഭിനയിക്കാന്‍ വിളിച്ചതായിരുന്നു. പക്ഷേ അതിന് മുന്നേ കമ്മിറ്റ് ചെയ്ത സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നത് കാരണം പോവാന്‍ പറ്റിയില്ല. ജോര്‍ജേട്ടന്‍ എന്നെ വിളിച്ചിട്ട്, മമ്മൂക്കയാണ് നിന്നെ സജസ്റ്റ് ചെയ്തതെന്ന പറഞ്ഞപ്പോള്‍ സന്തോഷമായി.

കാരണം, കരിയര്‍ തുടങ്ങുന്ന സമയമായിരുന്നു അത്. എങ്ങനെയെങ്കിലും മമ്മൂക്കയുടെ കൂടെ അഭിനയിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച സമയമായിരുന്നു അപ്പോള്‍. അന്ന് ആ പടം ചെയ്യാന്‍ പറ്റാത്തതില്‍ വിഷമമായി. പിന്നീട് ഉണ്ടയില്‍ അഭിനയിക്കാന്‍ പറ്റി. ആ പടത്തില്‍ മമ്മൂക്കയുമായുള്ള ആദ്യ സീനില്‍ നല്ല ടെന്‍ഷനിലായിരുന്നു. അതിന് ശേഷം ജോര്‍ജേട്ടന്‍ വന്നു പറഞ്ഞു, മമ്മൂക്ക നിന്നെ കാരവനിലേക്ക് വിളിക്കുന്നുണ്ടെന്ന്. അങ്ങനെ ഞാന്‍ കാരവാനിലേക്ക് പോയി. മമ്മൂക്കയെ കണ്ട് സംസാരിച്ചു. മറക്കാനാകാത്ത അനുഭവമായിരുന്നു ആ മൊമന്റ്’ അര്‍ജുന്‍ പറഞ്ഞു.

Content Highlight: Arjun Ashokan share the experience with Mammootty