എന്തെങ്കിലും പ്രശ്നം വന്നാൽ താൻ വിളിക്കുന്ന ആളുകളാരൊക്കെയാണെന്ന് പറയുകയാണ് അർജുൻ അശോകൻ. തനിക്ക് എന്തെങ്കിലും പ്രശ്നംവന്നാൽ ആദ്യം ഭാര്യയെയോ അച്ഛനെയോ വിളിക്കുമെന്നും അമ്മയെ വിളിച്ചു കഴിഞ്ഞാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വരുമെന്നും അർജുൻ അശോകൻ പറയുന്നുണ്ട്. സുഹൃത്തുക്കളിൽ കൂടുതലും ഗണപതിയെയാണ് വിളിക്കുന്നതെന്നും അർജുൻ അശോകൻ കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എന്തെങ്കിലും ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ നേരെ ഒന്നെങ്കിൽ വൈഫിനെ വിളിക്കും. അല്ലെങ്കിൽ അച്ഛനെ വിളിക്കും. അമ്മയെ വിളിച്ചു കഴിഞ്ഞാൽ പണി പാളും. അമ്മയെ വിളിച്ചു കഴിഞ്ഞാൽ ഹോസ്പിറ്റലിൽ പോകേണ്ടിവരും. പിന്നെ ഗണുവിനെ( ഗണപതി) വിളിക്കും. ഇവരെയൊക്കെയാണ് കൂടുതലും വിളിക്കാറുള്ളത്,’ അർജുൻ അശോകൻ പറഞ്ഞു.
അഭിമുഖത്തിൽ ഗണപതിയുമായുള്ള സുഹൃത്ത് ബന്ധത്തിന്റെ തുടക്കത്തിനെക്കുറിച്ചും അശോകൻ പറയുന്നുണ്ട്. ജാനേമൻ സിനിമക്ക് മുൻപ് തന്നെ ബി.ടെക് സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഗണപതിയെ കണ്ടിട്ടുള്ളതെന്നും അർജുൻ അശോകൻ കൂട്ടിച്ചേർത്തു.
‘ഗണപതിയുമായിട്ടുള്ള ഫ്രണ്ട്ഷിപ്പ് ബിടെക് തൊട്ട് തുടങ്ങിയതാണ്. ബി.ടെക്കിൽ അവനില്ല , പക്ഷേ ലൊക്കേഷനിൽ വരാറുണ്ട്. അതിന് മുൻപ് കണ്ടിട്ടുണ്ട്. സ്ട്രോങ്ങ് ആയിട്ടുള്ള ഫ്രണ്ട്ഷിപ്പ് തുടങ്ങുന്നത് ബി.ടെക് ഷൂട്ടിങ്ങിന്റെ സമയത്താണ്,’ അർജുൻ അശോകൻ പറയുന്നു.
അതേ സമയം അർജുൻ അശോകൻ പ്രധാന കഥാപാത്രത്തിൽ എത്തിയ പുതിയ ചിത്രമാണ് ‘ഒറ്റ’. റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ഒറ്റ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. അർജുൻ അശോകന് പുറമെ ആസിഫ് അലി, ഇന്ദ്രജിത്ത്, സത്യരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ടോക്സിക് പേരന്റിങ്ങിന്റെ ഫലമായി വീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്ന മാറ്റങ്ങളെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. അതിനാല്‍ തന്നെ ടോക്സിക് പേരന്റിങ് ഒരു വ്യക്തിയെ എങ്ങനെ ബാധിക്കുന്നു എന്ന് ചിത്രം കാണിച്ചുതരുന്നുണ്ട്.
ഒരു കാലത്ത് വളരെ സാധാരണവും സമീപകാലത്തായി ആരോഗ്യകരമായ പല ചര്‍ച്ചകളും നടന്നുവരുന്നതുമായ വിഷയമാണ് ടോക്സിക് പാരന്റിങ്. കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചും തങ്ങളുടെ രീതികളിലേക്ക് നിര്‍ബന്ധമായി കൊണ്ടുവരുന്നതും മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് അപമാനിക്കുന്നതുമെല്ലാം ടോക്സിക് പേരന്റിങ്ങിന്റെ പരിധിയില്‍ വരും. ഇതിലൂടെ അവര്‍ക്ക് മാതാപിതാക്കളുമായുള്ള ബന്ധം തകരുന്നതും അവരുടെ വ്യക്തിത്വത്തെ തന്നെ എങ്ങനെയാണ് മാറ്റി മറിക്കുന്നതെന്നും ഒറ്റയില്‍ കാണിക്കുന്നുണ്ട്.
Content Highlight: Arjun Ashokan says that these are the people he calls when there is a problem