| Wednesday, 1st June 2022, 8:18 pm

കുറേ നാളുകള്‍ക്ക് ശേഷമാണ് അച്ഛന് അങ്ങനെയൊരു കഥാപാത്രം ലഭിച്ചത്, കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി കഥാപാത്രങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് ചിരപരിചിതനായ നടനാണ് ഹരിശ്രീ അശോകന്‍. എന്നാല്‍ അസാധ്യ അഭിനയ ശേഷിയുള്ള ഹരിശ്രീ അശോകനെ കോമഡി റോളുകളില്‍ മാത്രം തളച്ചിട്ടു എന്നൊരു പരാതി കൂടി പ്രേക്ഷകര്‍ക്കുണ്ട്. അടുത്ത കാലത്താണ് അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ ഹരിശ്രീ അശോകന് ലഭിക്കുന്നത്.

ഇതില്‍ തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച കഥാപാത്രമായിരന്നു മിന്നല്‍ മുരളിയിലെ ദാസന്‍. പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിയ ദാസനെ അവതരിപ്പിച്ച ഹരിശ്രീ അശോകന്‍ കയ്യടി നേടി.

മിന്നല്‍ മുരളിയിലെ അച്ഛന്റെ കഥാപാത്രത്തെ കണ്ടപ്പോള്‍ സന്തോഷം തോന്നി എന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍. അച്ഛന് ഇതുപോലൊരു കഥാപാത്രം ലഭിച്ചിട്ട് വളരെ നാളുകളായെന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

‘മിന്നല്‍ മുരളിയിലെ അച്ഛന്റെ അഭിനയം കണ്ടപ്പോള്‍ നല്ല സന്തോഷം തോന്നി. കുറെ കാലങ്ങള്‍ക്ക് ശേഷമാണല്ലോ അച്ഛന് അങ്ങനെയൊരു റോള്‍ കിട്ടുന്നത്. പിന്നെ അങ്ങനത്തെ ഒരു പടത്തില്‍ അച്ഛനെ പ്ലെയ്സ് ചെയ്തതിലും ഭയങ്കര സന്തോഷമുണ്ട്. കാരണം അച്ഛന്‍ കുറെ നാളായല്ലോ ഇങ്ങനത്തെ സിനിമകള്‍ ചെയ്തിട്ട്. അങ്ങനെ ഒരു ക്യാരക്ടര്‍ കൂടെ ആയപ്പോള്‍ ഭയങ്കര സന്തോഷമായി.

ഞാനും അച്ഛന്‍ ചെയ്ത സിനിമകളെ കുറിച്ച് അധികം ഡിസ്‌കസ് ചെയ്യാറില്ല. ഉപദേശങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടത്താറില്ല. ആ പടം കൊള്ളാം, നന്നായിട്ടുണ്ട്, നന്നായി ചെയ്തിട്ടുണ്ട് അതൊക്കെ അച്ഛന്‍ കറക്ട് ആയിട്ട് പറയാറുണ്ട്. ഞാനും അച്ഛാ പടം പൊളിച്ചിട്ടുണ്ട് എന്ന് പറയും,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് അര്‍ജുന്‍ അശോകന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ പത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ജൂണ്‍ മൂന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഡേറ്റ് മാറ്റുകയായിരുന്നു.

Content Highlight: Arjun Ashokan says that he was happy to see harisree asokan’s character in Minnal Murali

We use cookies to give you the best possible experience. Learn more