ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. വലിയ പ്രതീക്ഷകളുമായി എത്തിയ ചിത്രത്തിന് എന്നാല്‍ മികച്ച അഭിപ്രായം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോഴിതാ സിനിമക്ക് എതിരെ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്നാണ് ചാവേറില്‍ പ്രധാന വേഷത്തില്‍ എത്തിയ അര്‍ജുന്‍ അശോകന്‍ പറയുന്നത്.
‘ചാവേറിന് എതിരെ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് നടക്കുന്നുണ്ട്. ഫിസിക്കല്‍ വര്‍ക്ക് കൂടുതല്‍ ചെയ്ത സിനിമയാണ് ചാവേര്‍. എല്ലാവരും അജഗജാന്തരം പ്രതീക്ഷിച്ച് വരരുത്. സിനിമ കണ്ടിട്ട് മാത്രം അഭിപ്രായങ്ങള്‍ പറയണം,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.
എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ എടുക്കാന്‍ കഴിയില്ലെന്നും ടിനു പാപ്പച്ചന്റെ ഇതുവരെയുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായ സിനിമയാണ് ചാവേര്‍ എന്നും അര്‍ജുന്‍ അശോകന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ചാവേര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള തിയേറ്റര്‍ വിസിറ്റിന് ശേഷം മാധ്യമങ്ങളോടാണ് അര്‍ജുന്‍ അശോകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം ചാവേര്‍ സംഘപരിവാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന യുക്തിയില്ലാത്ത രാഷ്ട്രീയം പറയുന്ന സിനിമയാണെന്നും കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് സിനിമയുടെ പ്രധാന പോരായ്മയെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു.
ജോയ് മാത്യു ആണ് ചാവേറില്‍ തിരക്കഥ. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചാവേര്‍ നിര്‍മിക്കുന്നത്.
ഛായാഗ്രഹണം-ജിന്റോ ജോര്‍ജ്, എഡിറ്റര്‍-നിഷാദ് യൂസഫ്, മ്യൂസിക്-ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍-ഗോകുല്‍ ദാസ്,എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കൊയ്യും ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട്-പിം സുന്ദര്‍, മേക്കപ്പ് മാന്‍ സേവ്യര്‍.