| Saturday, 26th February 2022, 4:43 pm

ആദ്യമായി ഹീറോയാവാന്‍ വിളിക്കുന്നത് മെമ്പര്‍ രമേശനിലേക്കാ, അപ്പോള്‍ തന്നെ പറ്റില്ലെന്ന് പറഞ്ഞു, എന്നെകൊണ്ടൊക്കെ പറ്റുമോ: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അര്‍ജുന്‍ അശോകനെ നായകനാക്കി എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും തിരക്കഥയൊരുക്കി സംവിധാനം ചെയ്ത സിനിമയാണ് മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ്. ഫെബ്രുവരി 25നായിരുന്നു സിനിമ തിയേറ്ററുകളിലെത്തിയത്.

മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം തിയേറ്ററുകളില്‍ മുന്നേറുന്നത്. പേര് പോലെ തന്നെ മഞ്ഞപ്ര എന്ന ഗ്രാമത്തിലെ ഒ.എം. രമേശന്റെ കഥയാണ് ചിത്രം പറയുന്നത്.

അര്‍ജുന്‍ അശോകന്റെ ആദ്യ മുഴുനീള കഥാപാത്രം കൂടിയാണ് മെമ്പര്‍ രമേശന്‍. ആദ്യമായി നായകനായി അഭിനയിച്ച സിനിമ തിയേറ്ററുകളിലെത്തുമ്പോള്‍ ഒരുപാട് ആശങ്കളുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും സിനിമയിലേക്കെത്തിയ കഥയുമെല്ലാം തുറന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

സിനിമയില്‍ വന്ന നാളിലൊന്നും ഒരു ഹീറോ ആവാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് പറയുകയാണ് അര്‍ജുന്‍.

‘സത്യം പറഞ്ഞാല്‍ ഞാന്‍ ആദ്യമൊന്നും ഒരു ഹീറോയാവാന്‍ ആഗ്രഹിച്ചിരുന്നില്ല. പിന്നെ ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ആഗ്രഹിച്ച് തുടങ്ങി. എന്നെകൊണ്ട് പറ്റുമെന്നൊരു വിശ്വാസം വന്ന് തുടങ്ങി. ജൂണ്‍ ഒക്കെ കഴിഞ്ഞ് ആളുകളുടെ അടുത്ത് നിന്ന് നല്ല റെസ്‌പോണ്‍സ് കിട്ടി തുടങ്ങിയപ്പോള്‍ സന്തോഷം തോന്നി.

അതിനൊക്കെ ശേഷമായിരിക്കും ഹീറോ ആയിട്ടുള്ള സ്‌ക്രിപ്റ്റുകള്‍ വന്ന് തുടങ്ങിയത്. അപ്പോ എന്നെകൊണ്ട് പറ്റുമോ എന്ന് തോന്നി, അങ്ങനെയാണ് മെമ്പര്‍ രമേശനില്‍ കമ്മിറ്റ് ചെയ്യുന്നത്,’ താരം പറയുന്നു.

ആദ്യം തന്നെ ഹീറോ ആയിട്ട് വിളിക്കുന്നത് മെമ്പര്‍ രമേശനിലേക്കാണെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

‘മെമ്പര്‍ രമേശനിലേക്കാണ് ആദ്യം തന്നെ ഹീറോയായിട്ട് വിളിക്കുന്നത്. വിളിച്ചപ്പോള്‍ തന്നെ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഓരോ പടങ്ങള്‍ ചെയ്യുമ്പോഴും അതൊക്കെ എനിക്ക് ഓരോ ക്ലാസാണ്, പല കാര്യങ്ങള്‍ പഠിക്കും,’ അര്‍ജുന്‍ പറഞ്ഞു.

2018ല്‍ പുതുമുഖമായി സിനിമയിലെത്തിയ ഗായത്രി അശോകിന്റെ തിരിച്ചുവരവ് കൂടിയാണ് മെമ്പര്‍ രമേശന്‍ എന്ന ചിത്രം. കുടുംബ ബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടാണ് സിനിമയൊരുക്കിയിരിക്കുന്നത്.

ബോബന്‍ ആന്റ് മോളി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ബോബന്‍, മോളി എന്നിവരാണ്. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി,ബിനു അടിമാലി, അനൂപ്, മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം, സജാദ് ബ്രൈറ്റ്, കല എന്നിവരാണ് മറ്റ് താരങ്ങള്‍.


Content Highlights: Arjun Ashokan saying about his news movie Member Rameshan

We use cookies to give you the best possible experience. Learn more