| Wednesday, 5th July 2023, 10:41 pm

ആ സിനിമ കാരണമാണ് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചത്: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗബിന്‍ സംവിധാനം ചെയ്ത പറവ എന്ന സിനിമയാണ് മറ്റ് സിനിമകളില്‍ നല്ല കഥാപാത്രം ലഭിക്കാന്‍ കാരണമെന്ന് നടന്‍ അര്‍ജുന്‍ അശോകന്‍. അതിലൂടെ നല്ല സംവിധായകരുടെ കൂടെ ജോലി ചെയ്യാന്‍ സാധിച്ചെന്നും താരം പറഞ്ഞു. പറവ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് തന്നെ ഉണ്ടയിലും ട്രാന്‍സിലും അഭിനയിക്കാന്‍ വിളിച്ചതെന്നും അദ്ദേഹം മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘പറവ എന്ന സിനിമയില്‍ ഒരു ചാന്‍സ് കിട്ടിയത് കൊണ്ടാണ് നല്ല കുറേ കഥാപാത്രങ്ങള്‍ വരാന്‍ കാരണം. നല്ല സംവിധായകരുടെ കൂടെ ജോലി ചെയ്യാനും സാധിച്ചു. പറവ ചെയ്തതിന് ശേഷം അലക്‌സേട്ടനാണ് എനിക്ക് മന്ദാരം എന്ന സിനിമ തരുന്നത്.

അവിടെ നിന്നാണ് ആസിക്കയെ (ആസിഫ് അലി) പരിചയപ്പെട്ട് ബി.ടെക്കില്‍ ചാന്‍സ് ലഭിക്കുന്നത്. പറവ ചെയ്ത് സൗബിക്കയുടെ (സൗബിന്‍) കേര്‍ ഓഫിലാണ് വരത്തനില്‍ ചാന്‍സ് കിട്ടുന്നത്. ഇതൊക്കെ ഒരു ബന്ധത്തിന്റെ പുറത്തും ഞങ്ങള്‍ ചെയ്ത കഥാപാത്രം വര്‍ക്കായതിന്റെ പേരിലുമാണ് ലഭിക്കുന്നത്.

പറവ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് എന്നെ ഉണ്ടയിലേക്കും ട്രാന്‍സിലേക്കും വിളിക്കുന്നത്. റിലീസാകുന്നതിന് മുന്നേയാണത്. ഇതൊക്കെ ഒരു ഭാഗ്യമായിട്ടാണ് കരുതുന്നത്. ആയൊരു പടം കാരണം നല്ലൊരു ജീവിതം തന്നെ കിട്ടി.

നല്ല പടവും നല്ല കഥാപാത്രങ്ങളും ഉണ്ടെങ്കില്‍ തന്നെ നമുക്ക് കാലിബറുണ്ടെങ്കില്‍ എന്തായാലും നമുക്ക് കയറി വരാന്‍ പറ്റും,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

ഒരു സിനിമ ചെയ്യുമ്പോള്‍ കൂടെ വര്‍ക്ക് ചെയ്യുന്നവരുമായി മുപ്പത് -നാല്‍പ്പത് ദിവസം ഒരുമിച്ച് നില്‍ക്കുമ്പോഴേക്കും ഒരേ വൈബാണെങ്കില്‍ പെട്ടെന്ന് സുഹൃത്തുക്കളാകാന്‍ സാധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു പടം ചെയ്യുമ്പോഴും മുപ്പത് നാല്‍പ്പത് ദിവസം ഒരുമിച്ച് നില്‍ക്കുമ്പോഴും നമുക്ക് പറ്റിയ ആളും പറ്റിയ വൈബുമാണെങ്കിലും നമ്മള്‍ ഓട്ടോമാറ്റിക്കലി സുഹൃത്തുക്കളാകും. പറ്റാത്തൊരാളാണെങ്കില്‍ നമ്മള്‍ വിടും.

പടം തീര്‍ന്ന് നമുക്ക് നമ്മുടെ വഴി, പുള്ളിക്ക് പുള്ളിയുടെ വഴി എന്ന രീതിയില്‍ തന്നെ പോകും. ആ പടത്തിന് ശേഷവും ബന്ധത്തില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ നമുക്ക് അവര്‍ അത്രയും വേണ്ടപ്പെട്ടവരായി അവര്‍ മാറിയെന്നാണ് അര്‍ത്ഥം.’ താരം പറഞ്ഞു.

നവാഗതനായ വി. എസ്. അഭിലാഷ് സംവിധാനം ചെയ്ത് നടി ലെന തിരക്കഥ എഴുതുന്ന ഓളം ആണ് അര്‍ജുന്‍ അശോകന്റെ ഏറ്റവും പുതിയ ചിത്രം. ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, സുരേഷ് ചന്ദ്രന്‍, നോബി, പോളി വത്സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൗഫല്‍ പുനത്തില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്‌കര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്.

CONTENT HIGHLIGHTS: ARJUN ASHOKAN ON PARAVA MOVIE

We use cookies to give you the best possible experience. Learn more