താനാണ് ഹോം എന്ന ചിത്രത്തിലെ ശ്രീനാഥ് ഭാസിയുടെ കഥാപാത്രം ചെയ്യാനിരുന്നതെന്ന് നടൻ അർജുൻ അശോകൻ. താൻ ചെയ്യുന്നതിനേക്കാൾ മികച്ചതായി ശ്രീനാഥ് ഭാസി കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നും ഡേറ്റിന്റെ പ്രശ്നം കൊണ്ടാണ് ചിത്രം ചെയ്യാൻ കഴിയാതിരുന്നതെന്നും അർജുൻ പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ ഭിമുഖത്തിൽ സംസാരിക്കുകായായിരുന്നു താരം.
‘ഹോം എന്ന ചിത്രത്തിൻറെ കഥ കേട്ടിട്ട് എനിക്ക് ചെയ്യാൻ പറ്റാതെ പോയതാണ്. ഹോം എന്ന ചിത്രം ആദ്യം എന്നെ വെച്ച് അനൗൺസ് ചെയ്തതായിരുന്നു. അപ്പോൾ ഡേറ്റിന്റെ ചില പ്രശ്നങ്ങൾ വന്നു. അവർക്ക് ചിത്രം പെട്ടെന്ന് ചെയ്യണമെന്നും പറഞ്ഞു. അവർ വേറെ ആളെ നോക്കിക്കോട്ടെ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ ഓക്കേ പറഞ്ഞു. അപ്പോഴാണ് ഭാസി അത് ചെയ്തത്.
പക്ഷെ ആ പടം കണ്ടാൽ മനസിലാകും, ഞാൻ ചെയ്യുന്നതിനേക്കാൾ നൂറ് ശതമാനം ഭംഗിയായി ഭാസി അത് അവതരിപ്പിച്ചിട്ടുണ്ട്. ഞാൻ ആ ചിത്രത്തെപ്പറ്റി കേട്ടപ്പോൾ കിട്ടിയ ചിത്രമല്ല ഭാസി അത് ചെയ്തപ്പോൾ കാണാൻ പറ്റിയത്. എനിക്കത് കുറച്ചുകൂടി ഇഷ്ടപ്പെട്ടു.
ഡേറ്റിന്റെ പ്രശ്നമാണ് അതിനിടയിൽ കയറി വന്നത്. ആ സമയത്ത് തട്ടാശ്ശേരി കൂട്ടം ചെയ്തു. അതിന് ശേഷം അജഗജാന്തരം ചെയ്തു. അപ്പോഴേക്കും കൊറോണ വന്നു. ലോക്ക് ഡൗൺ സമയത്താണ് അവർ ഹോം ചെയ്യുന്നത്,’ അർജുൻ അശോകൻ പറഞ്ഞു.
നവാഗതനായ വി. എസ്. അഭിലാഷ് സംവിധാനം ചെയ്ത് നടി ലെന തിരക്കഥ എഴുതുന്ന ഓളം ആണ് അർജുൻ അശോകന്റെ ഏറ്റവും പുതിയ ചിത്രം. ലെന, ബിനു പപ്പു, ഹരിശ്രീ അശോകൻ, സുരേഷ് ചന്ദ്രൻ, ബോബി, പോളി വത്സൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൗഫൽ പുനത്തിൽ നിർമിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അഷ്‌കർ ആണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.