|

അച്ഛൻ കോണ്ടാക്ട് ചെയ്തിട്ട് ആരും റെസ്പോണ്ട് ചെയ്തില്ല, സംസാരിച്ചവർ ഇവർ മാത്രം: അർജുൻ അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അച്ഛൻ (ഹരിശ്രീ അശോകൻ) സിനിമയിൽ എത്താൻ അനുഭവിച്ച ബുദ്ധിമുട്ട് തനിക്ക് സിനിമയിൽ നേരിടേണ്ടി വന്നിട്ടില്ലെന്ന് നടൻ അർജുൻ അശോകൻ. താൻ ആദ്യം ചെയ്ത ചിത്രങ്ങളിൽ ശോഭിക്കാത്തതുകൊണ്ട് ക്യാരക്ടർ റോളുകൾ തരാൻ ആളുകൾക്ക് പേടിയുണ്ടായിരുന്നെന്നും താരം പറഞ്ഞു. ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അച്ഛൻ അനുഭവിച്ചത്ര സ്ട്രഗിൾ ഒന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. കൂടാതെ ഹരിശ്രീ അശോകന്റെ മകൻ എന്ന പേരും ഉണ്ട്. പക്ഷെ സിനിമയിൽ ഒരു സ്റ്റാർട്ടിങ് കിട്ടാൻ കുറച്ചധികം പാടായിരുന്നു.
ഞാൻ ആരാണെന്നോ, എനിക്ക് അഭിനയിക്കാൻ പറ്റുമോ ഇല്ലയോ, ചെയ്ത രണ്ടുപടവും വർക്കാകാഞ്ഞത്കൊണ്ടും ക്യാരക്ടർ റോളുകൾ തരാൻ ആളുകൾക്ക് പേടിയായിരുന്നു. എനിക്ക് കോണ്ടാക്റ്റുകളും കുറവായിരുന്നു. കാരണം ആ സമയങ്ങളിൽ അച്ഛന് അധികം പടം ഒന്നും ഉണ്ടായിരുന്നില്ല.

കുറെ നാൾ അച്ഛൻ സിനിമയിൽ നിന്നും ടച്ച് വിട്ട് നിന്നതുകൊണ്ട് നമുക്ക് ആളുകളെ കോണ്ടാക്ട് ചെയ്യാൻ ബുദ്ധിമുട്ടായി. പക്ഷെ എന്നിട്ടും അന്ന് വിളിച്ചിട്ട് മീറ്റ് ചെയ്യാം എന്ന് പറഞ്ഞതും, ഫോണിലൂടെ സംസാരിച്ചതും സമീറിക്ക, അൻവർ ഇക്ക, അമലേട്ടൻ എന്നിവരാണ്. അച്ഛൻ വിളിച്ചിട്ട് ആകെ ഫോൺ എടുത്തതും ഇവരാണ്. ബാക്കി ആരും കോണ്ടാക്ട് ചെയ്തിട്ട് റെസ്പോണ്ട് പോലും ചെയ്തില്ല.

ഹരിശ്രീ അശോകന്റെ മകൻ ആയതുകൊണ്ട് റോൾ കൊടുത്തേക്കാമെന്നൊന്നും ആരും വിചാരിക്കില്ല. അന്ന് ധാരാളം നടന്മാർ ഉണ്ടായിരുന്നു. അന്ന് നല്ല പവറിലാണ് സിനിമ പൊയ്ക്കൊണ്ടിരുന്നത്. സിനിമയുടെ ഒരു ഭാഗമാകാൻ നല്ല കൊതിയായിരുന്നു. പക്ഷെ ദൈവ ഭാഗ്യത്തിന് ഒരു ചാൻസ് കിട്ടി, അതിൽ പിടിച്ചു കേറാൻ തന്നെ നോക്കി,’ അർജുൻ പറഞ്ഞു.

ത്രിശങ്കുവാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അജിത് നായർ തിരക്കഥയൊരുക്കുന്ന ചിത്രം അച്യുത് വിനായക് ആണ് സംവിധാനം ചെയ്യുന്നത്. അന്ന ബെൻ, കൃഷ്ണ കുമാർ, സുരേഷ് കൃഷ്ണ, ബാലാജി മോഹൻ, നന്ദു എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

Content Highlights: Arjun Ashokan on his entry to the film