തന്റെ അച്ഛൻ (ഹരിശ്രീ അശോകൻ) എല്ലാ ചിത്രത്തിലും ഒരേ രൂപമായതുകൊണ്ട് തന്നോട് അധികം താടി വെച്ച് അഭിനയിക്കണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്ന് അർജുൻ അശോകൻ. പക്ഷെ താൻ പറവ എന്ന ചിത്രത്തിൽ മുഴുവൻ താടി ആയിപോയെന്നും താരം പറഞ്ഞു. വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അച്ഛൻ തുടക്കം മുതലേ താടി വെച്ച് അഭിനയിച്ചതുകൊണ്ട് എല്ലാ ചിത്രത്തിലും ഒരേ രൂപമാണ്. അതുകൊണ്ട് നീ അധികം താടി വെക്കാതെ അഭിനയിക്കണമെന്ന് എന്നോട് തുടക്കത്തിലേ പറഞ്ഞിരുന്നു. പക്ഷെ പറവയിൽ ഞാൻ തുടങ്ങിയത് തന്നെ താടി വച്ചാണ്. അതുകൊണ്ട് അത്തരം ലുക്ക് എടുക്കരുതെന്ന് അച്ഛൻ എനിക്കൊരു ഉപദേശം പോലെ പറഞ്ഞ തന്നിരുന്നു. അതുകൊണ്ട് തന്നെ വ്യത്യസ്തമായ ചിത്രങ്ങൾ എടുക്കാൻ ഞാൻ ശ്രമിച്ചു. അപ്പോഴാണ് അമലേട്ടൻ എന്നെ വരത്തനിൽ വിളിക്കുന്നത്,’ അർജുൻ പറഞ്ഞു.
തന്റെ ആദ്യത്തെ ചിത്രം വിജയിക്കാതെപോയപ്പോൾ ഇനി അഭിനയം വേണ്ടെന്നും അസിസ്റ്റന്റ് ഡയറക്ടർ ആവണമെന്നുതോന്നിയെന്നും അദ്ദേഹം പറഞ്ഞു.
‘ആദ്യത്തെ ചിത്രം വർക്കാവാതെ വന്നപ്പോൾ സങ്കടം തോന്നി. രണ്ടാമത്തെ ചിത്രത്തിൽ ഞാൻ ഹീറോ ആയിട്ടാണ്. ആ ചിത്രവും വിജയിക്കാതെ വന്നപ്പോൾ കൂട്ടുകാർ വരെ പറഞ്ഞു ഇത് എന്നെക്കൊണ്ട് പറ്റാത്ത പണിയാണെന്ന്. അത് എനിക്ക് വിഷമം ഉണ്ടാക്കി. പിന്നെ അഭിനയിക്കേണ്ട എന്ന് തോന്നി. സിനിമയിൽ എന്തെങ്കിലും ആകണം എന്ന് തോന്നിയിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടെങ്കിലും സിനിമയിൽ നിൽക്കണമെന്ന് തോന്നിയിട്ടുണ്ട്,’ അർജുൻ പറഞ്ഞു.
ത്രിശങ്കുവാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അജിത് നായർ തിരക്കഥയൊരുക്കുന്ന ചിത്രം അച്യുത് വിനായക് ആണ് സംവിധാനം ചെയ്യുന്നത്. അന്ന ബെൻ, കൃഷ്ണ കുമാർ, സുരേഷ് കൃഷ്ണ, ബാലാജി മോഹൻ, നന്ദു എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
Content highlights: Arjun Ashokan on his charecters