നന്നായി അഭിനയിച്ചില്ലെങ്കില്‍ വഴക്കുകേള്‍ക്കുക മാത്രമല്ല പറഞ്ഞുവിട്ടെന്നും വരും; ഭ്രമയുഗത്തെ കുറിച്ച് അര്‍ജുനും സിദ്ധാര്‍ത്ഥും
ഭ്രമയുഗത്തിന്റെ ചിത്രീകരണ സമയത്തെ കുറിച്ചും റീ ടേക്കുകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ അര്‍ജുന്‍ അശോകനും സിദ്ദാര്‍ത്ഥ് ഭരതനും
മമ്മൂക്കയുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളിലാണ് നമ്മുടെ അഭിനയ മികവ് പുറത്തെടുക്കേണ്ടതെന്നാണ് ഇരുവരും പറയുന്നത്. അദ്ദേഹത്തിന്റെ മുന്നില്‍ ഒരു പതര്‍ച്ചയും കൂടാതെ മികച്ച രീതിയില്‍ അഭിനയിക്കുക എന്നത് തന്നെയാണ് തങ്ങള്‍ നേരിട്ട വലിയ ചലഞ്ചെന്നും താരങ്ങള്‍ പറയുന്നു.
‘ആ സമയത്ത് ടെന്‍ഷന്‍ അടിച്ചിട്ടും പേടിച്ചിട്ടുമൊന്നും കാര്യമില്ല. ചെയ്യുക എന്നതാണ്. പേടിച്ച് നിന്നാല്‍ വഴക്ക് കിട്ടും ചിലപ്പോള്‍ പറഞ്ഞുവിട്ടെന്നും വരും. റീട്ടേക്കുകളൊക്കെ വേണ്ടി വന്നിട്ടുണ്ട്. അത് ചില ടെക്‌നിക്കല്‍ കാരണങ്ങള്‍ കൊണ്ടുകൂടിയായിരിക്കാം. നന്നായി റിഹേഴ്‌സലൊക്കെ ചെയ്ത് തന്നെയാണ് ഓരോ ടേക്കിലേക്കും പോകാറ്.
കട്ട് പറഞ്ഞാലും ചില സീനിലെ മൂഡ് നമുക്കൊപ്പമുണ്ടാകും. അതിപ്പോള്‍ ഒരു സീന്‍ എടുക്കാന്‍ പോകുമ്പോള്‍ തന്നെ നമ്മള്‍ ആ മൂഡ് പിടിക്കാന്‍ ശ്രമിക്കും. പക്ഷേ ഇവര്‍ വന്ന് എന്തെങ്കിലും ഒരു കോമഡി പറഞ്ഞ് ചിരിക്കും. പലപ്പോഴും ഡയറക്ടര്‍ തന്നെയായിരിക്കും നമ്മുടെ അടുത്ത് വന്ന് എന്തെങ്കിലും കോമഡി പറയുക, അപ്പോള്‍ നമ്മള്‍ ചിരിച്ചുപോകും. പിന്നേയും ആ സീനിന്റെ മൂഡ് കൊണ്ടുവരണം,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
പൊതുവെ വേഗത്തില്‍ സംസാരിക്കുന്ന ആളാണ് താനെന്നും പതുക്കെ സംസാരിച്ചില്ലെങ്കില്‍ ഡബ്ബിങ്ങില്‍ പണി കിട്ടുമെന്ന് നേരത്തെ തന്നെ അച്ഛന്‍ തന്നോട് പറഞ്ഞിരുന്നുവെന്നുമാണ് അര്‍ജുന്‍ പറയുന്നത്.
‘ഭ്രമയുഗത്തിലെ ചില സീനുകളില്‍ ഞാന്‍ വേഗത്തില്‍ സംസാരിച്ചുപോകും. ആ സമയത്ത് പതുക്കെ പതുക്കെ എന്ന് രാഹുലേട്ടന്‍ പറയുമായിരുന്നു. പിന്നെ ചില സീനുകളൊക്കെ കഴിയുമ്പോള്‍ മമ്മൂക്ക തന്നെ അഭിനന്ദിച്ചിട്ടുണ്ട്. അതൊക്കെ ഒരു അവാര്‍ഡിന് തുല്യമാണ്,’ അര്‍ജുന്‍ പറഞ്ഞു.
ഭ്രമയുഗത്തിലെ കഥാപാത്രം കണ്ട് തന്നോട് അസൂയ തോന്നുന്നുവെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. ഇന്നലെയാണ് ഭ്രമയുഗം തിയേറ്ററിലെത്തിയത്. ത്രില്ലര്‍-ഹൊറര്‍ ഴോണറിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Content Highlight: Arjun Ashokan and Sidharth about bramayugam movie shoot