| Monday, 6th March 2023, 1:14 pm

ലാലങ്കിളിന്റെ ചിരി, ഫഹദിക്കയുടെ ഷമ്മി; രോമാഞ്ചത്തില്‍ ഉപയോഗിച്ച റഫറന്‍സുകളെ കുറിച്ച് അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിത്തു മാധവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് രോമാഞ്ചം. തിയേറ്ററില്‍ വലിയ വിജയമായ ചിത്രത്തിലെ അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച സിനു എന്ന കഥാപാത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ കഥാപാത്രം ചെയ്യാന്‍ ആരെങ്കിലും പ്രചോദനമായിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് അര്‍ജുന്‍.

സൈക്കോ കഥാപാത്രം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നും അപ്പോഴാണ് രോമാഞ്ചത്തിലേക്ക് വിളിക്കുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. ഫഹദ് ഫാസിലിന്റെ ഷമ്മി എന്ന കഥാപാത്രവും മോഹന്‍ലാലിന്റെ ചെറിയ ചിരിയുമൊക്കെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് പ്രചോദനമായെന്നും താരം ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘സത്യം പറഞ്ഞാല്‍ ഈ കഥാപാത്രങ്ങളൊക്കെ ഭാഗ്യത്തിന് വന്ന് ചേര്‍ന്നതാണ്. പിന്നെ ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ കിട്ടണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. വരത്തന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ആഗ്രഹിച്ചിരിക്കുമ്പോഴാണ് അജഗജാന്തരം എന്ന സിനിമ വരുന്നത്.

ആ സിനിമയില്‍ നല്ല മാസായിട്ടുള്ള, കുറച്ച് അഗ്രസിവായിട്ടുള്ള കഥാപാത്രം ചെയ്യാന്‍ സാധിച്ചു. ആ ആഗ്രഹം അങ്ങനെ തീര്‍ന്നു. പിന്നെയൊരു സൈക്കോ പരിപാടി ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് രോമാഞ്ചം കിട്ടുന്നത്. ആ കഥാപാത്രം ചെയ്യുമ്പോള്‍ നമ്മള്‍ കണ്ടുമറന്ന പല കഥാപാത്രങ്ങളും മനസില്‍ വരും.

ഫഹദിക്കയുടെ ഷമ്മി ഭയങ്കരമായി ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. ലാല്‍ അങ്കിളിന്റെ ചെറിയ ചിരിയും പരിപാടിയുമൊക്കെ എനിക്ക് ഇഷ്ടമാണ്. അങ്ങനെ എന്തെങ്കിലും ചെയ്താല്‍ കൊള്ളാമെന്ന ആഗ്രഹം എപ്പോഴും മനസിലുണ്ട്. അങ്ങനെ വന്നുചേര്‍ന്നതാണ് ഈ കഥാപാത്രം.

പിന്നെ സൗബിക്ക ഈ കഥാപാത്രത്തിന് വേണ്ടി നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്. സിനിമയിലെ പല സിനുകളിലും അങ്ങനെ ചെയ്യാം ഇങ്ങനെ ചെയ്യാമെന്നൊക്കെ പറഞ്ഞ് തന്നത് സൗബിക്കയാണ്. പിന്നെ ജിത്തു ചേട്ടന് ആ കഥാപാത്രം എന്താണെന്ന് നന്നായി അറിയാം. അതൊക്കെ എന്നെ ഭയങ്കരമായി സഹായിച്ചിട്ടുണ്ട്,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

content highlight: arjun ashokan about romancham movie and mohanlal

We use cookies to give you the best possible experience. Learn more