Entertainment
ആ സീനില്‍ മമ്മൂക്ക ഒരു കഷ്ണം ചിക്കന്‍ പോലും കഴിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല: അര്‍ജുന്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 18, 07:13 am
Saturday, 18th January 2025, 12:43 pm

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭ്രമയുഗം. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. വെറും അഞ്ച് കഥാപാത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുവെന്നുള്ളതും ഭ്രമയുഗത്തെ കൂടുതല്‍ വ്യത്യസ്തമാക്കി.

കൊടുമണ്‍ പോറ്റിയായും ചാത്തനായും ഗംഭീരപ്രകടനം നടത്തിയ മമ്മൂട്ടിയും പല സിനിമാചര്‍ച്ചകളിലും വിഷയമായിരുന്നു. മമ്മൂട്ടിയില്‍ നിന്ന് അധികമാരും പ്രതീക്ഷിക്കാത്ത പെര്‍ഫോമന്‍സായിരുന്നു മമ്മൂട്ടി കാഴ്ചവെച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് അര്‍ജുന്‍ അശോകന്‍. 25 ദിവസത്തോളം മമ്മൂക്കയെ സ്വന്തമാക്കി വെച്ച ഫീലായിരുന്നു ആ സിനിമയുടെ ഷൂട്ടിങ് സമയത്തെന്ന് അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

താനും സിദ്ധാര്‍ത്ഥ് ഭരതനും മാത്രമേ മമ്മൂട്ടിയുടെ കൂടെ കൂടുതല്‍ സീനിലും ഉണ്ടായിരുന്നുള്ളൂവെന്നും താന്‍ വളരെ എക്‌സൈറ്റഡായിരുന്നെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ തന്നെ സംവിധായകന്‍ മമ്മൂട്ടിയുടെ സ്‌കെച്ച് കാണിച്ചുതന്നെന്നും അത് കണ്ടപ്പോള്‍ തന്നെ താന്‍ സിനിമക്ക് ഓക്കെ പറഞ്ഞെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

ചിത്രത്തില്‍ ഒരുപാട് പേര്‍ അത്ഭുതത്തോടെ കണ്ട സീനുകളിലൊന്നാണ് മമ്മൂട്ടി ചിക്കന്‍ കഴിക്കുന്ന സീനെന്നും എന്നാല്‍ ആ സീനില്‍ ഒരു കഷ്ണം ചിക്കന്‍ പോലും അദ്ദേഹം കഴിച്ചിട്ടില്ലെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത് ആരും വിശ്വസിക്കില്ലെന്നും സിനിമ കണ്ടവരെയെല്ലാം അദ്ദേഹമത് കഴിച്ചു എന്ന് വിശ്വസിപ്പിച്ചതാണ് മമ്മൂട്ടി എന്ന നടന്റെ വിജയമെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു അര്‍ജുന്‍ അശോകന്‍.

‘ഭ്രമയുഗത്തിന്റെ കഥ മുഴുവന്‍ കേട്ടപ്പോള്‍ തന്നെ എക്‌സൈറ്റഡായിരുന്നു. കഥ പറഞ്ഞതിന് ശേഷം രാഹുല്‍ മമ്മൂക്കയുടെ ഒരു സ്‌കെച്ച് തയാറാക്കിയിരുന്നു. അത് കണ്ടതും ഞാന്‍ ഓക്കെ പറഞ്ഞു. ആ സിനിമയെപ്പറ്റി പറഞ്ഞാല്‍ 20-25 ദിവസം എനിക്ക് മമ്മൂക്കയെ സ്വന്തമായി കിട്ടിയ ഒരു ഫീലായിരുന്നു. കാരണം, മിക്ക സീനിലും ഞാനും സിദ്ധുവേട്ടനും മമ്മൂക്കയും മാത്രമായിരുന്നു. അതിന്റെ എക്‌സൈറ്റ്‌മെന്റ് വേറെ.

പടത്തില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയ സീനിലൊന്നാണ് മമ്മൂക്ക ചിക്കന്‍ കഴിക്കുന്ന സീന്‍. ആ സീനില്‍ ഒരു കഷ്ണം ചിക്കന്‍ പോലും പുള്ളി കഴിച്ചില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പുള്ളി അത് കഴിച്ചെന്ന് വിശ്വസിപ്പിച്ചതാണ് അദ്ദേഹത്തിലെ നടന്റെ വിജയം. പിന്നെ ഞങ്ങള്‍ക്ക് കിട്ടിയ വേറൊരു ഭാഗ്യം എന്താണെന്ന് വെച്ചാല്‍ ആ പടം കളറില്‍ കണ്ട ചുരുക്കം ആളുകളില്‍ ഒരാള്‍ ഞാനാണ്. ഓരോ സീന്‍ എടുക്കുമ്പോഴും മോണിറ്ററില്‍ കാണാന്‍ പറ്റി,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

Content Highlight: Arjun Ashokan about Mammootty’s chicken eating scene in Bramayugam